തൃശൂർ: ഇ പോസ് മെഷീനിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്താത്തത് മൂലം സർക്കാർ പ്രഖ്യാപിച്ച പ്രളയബാധിതർക്കുള്ള സൗജന്യ അരി വിതരണം ജില്ലയിലും മുടങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ ഭൂരിഭാഗം പേരും ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി. പ്രളയം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ജില്ലയിൽ എത്ര കിലോ സൗജന്യ അരി വിതരണം ചെയ്യണമെന്ന കണക്കെടുപ്പ് പോലും ഉദ്യോഗസ്ഥർ പൂർത്തിയാക്കിയിട്ടില്ല.
സർക്കാരിന്റെ പ്രഖ്യാപനം കേട്ട് സൗജന്യ അരി വാങ്ങാനെത്തുന്നവരും റേഷൻ കടക്കാരും തമ്മിൽ തർക്കം പതിവായി. സാധാരണയുള്ളതല്ലാതെ ഒരിടത്തും സൗജന്യമായി നൽകാനുള്ള അരിയുടെ സ്‌റ്റോക്ക് ഇന്നലെവരെ എത്തിയിട്ടില്ല. പ്രളയബാധിത പ്രദേശവാസികൾക്ക് മൂന്നുമാസം വരെ അഞ്ചുകിലോ അരി സൗജന്യമായി നൽകുമെന്നായിരുന്നു ഭക്ഷ്യമന്ത്രി പി. തിലോത്തന്റെ പ്രഖ്യാപനം.
ജില്ലയിലെ 255 വില്ലേജുകളിൽ 215 എണ്ണം പ്രളയബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ വില്ലേജിലും എത്ര കാർഡ് ഉണ്ടെന്നും ഇവരിൽ എത്ര പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിട്ടുണ്ടെന്നും ഉള്ള വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസം മാത്രമാണ് ജില്ലാ സപ്‌ളൈ ഓഫീസിൽ നിന്ന് താലൂക്ക് സപ്‌ളൈ ഓഫീസുകളിലേക്ക് അറിയിപ്പ് പോയത്. വിവരശേഖരണം കഴിഞ്ഞ് അടുത്ത മാസത്തോടെ മാത്രമേ അരി വിതരണം ചെയ്യാൻ കഴിയൂവെന്നാണ് സപ്‌ളൈ ഓഫീസ് ജീവനക്കാരുടെ വിലയിരുത്തൽ.
പ്രളയബാധിത പ്രദേശം ഏതൊക്കെയാണെന്നോ ആർക്കൊക്കെ വിതരണം നടത്തണമെന്നോയുള്ള നിർദ്ദേശവും ഇതുവരെ കടക്കാർക്കും ലഭിച്ചിട്ടില്ല. കൃത്യമായി ഉത്തരവിറക്കാതെ പ്രഖ്യാപനം നടത്തിയതാണ് പ്രശ്‌നമായത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം ജില്ലയിൽ നാശനഷ്ടം സംഭവിച്ചവരുടെ എണ്ണം കുറവാണ്. എങ്കിലും ചാലക്കുടി, മാള മേഖലയിൽ നിരവധി കുടുംബങ്ങളെ പ്രളയം കാര്യമായി ബാധിച്ചിരുന്നു. കുറെ വീടുകൾ വെള്ളത്തിനടിയിലാവുകയും നാശങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. റേഷൻ കാർഡുകൾ പോലുമില്ലാത്തവരാണ് പല കുടുംബങ്ങളും. ഇവർക്ക് കാർഡില്ലാതെയും റേഷൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. റേഷൻകാർഡിന്റെ നമ്പറോ മൊബൈൽ നമ്പറോ ഉപയോഗിച്ച് അരിവാങ്ങാം.


ഓരോ റേഷൻ കാർഡ് ഉടമകൾക്കും എന്തൊക്കെ വിഭവങ്ങൾ എത്ര കിലോ കൊടുക്കണമെന്നത് ഇപോസ് മെഷീനിൽ ചേർക്കും. മെഷീനിൽ സൗജന്യ അരി വിതരണം നടത്താനുള്ള സംവിധാനം ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ശരിയാക്കിയാൽ മാത്രമേ സൗജന്യ വിതരണം സാധിക്കുകയുള്ളൂ

റോയി
(റേഷൻ വ്യാപാരി)

ഇ പോസ് യന്ത്രത്തിൽ ആവശ്യമായ ക്രമീകരണം വരുത്തി സൗജന്യ അരി വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.
ജോണി നെല്ലൂർ
(ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്)

എത്ര കിലോ അരിയാണ് വേണ്ടതെന്നുള്ള കണക്കെടുപ്പ് പൂർത്തിയാകുന്നതേയുള്ളൂ. താലൂക്ക് സപ്‌ളൈ ഓഫീസുകളിൽ നിന്ന് കണക്ക് ചോദിച്ചിട്ടുണ്ട്. യഥാർത്ഥ അളവ് സർക്കാരിൽ അറിയിക്കുന്നതോടെ അരിയെത്തും.

ശിവകാമി അമ്മാൾ (ജില്ലാ സപ്‌ളൈ ഓഫീസർ)
പ്രളയബാധിത വില്ലേജുകൾ 215