land-47-charitty-trust
ചെന്ത്രാപ്പിന്നി ലാൻഡ് 47 ചാരിറ്റി ട്രസ്റ്റിന്റെ ഉദ്ഘാടനം നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു.

കയ്പ്പമംഗലം: മലബാറിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ചെന്ത്രാപ്പിന്നിയിലെ ലാൻഡ് 47 കൂട്ടായ്മ. മലപ്പുറം, വയനാട് ജില്ലകളിലെ ആയിരം കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും അടക്കം പത്ത് ലക്ഷം രൂപയുടെ സാധനങ്ങളുമായാണ് കൂട്ടായ്മ മലബാറിലേക്ക് തിരിച്ചത്. സദ്ദാം, ഷിഫാസ്, ജമാൽ, ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിൽ 120 ഓളം യുവാക്കൾ അടങ്ങിയ കൂട്ടായ്മയാണ് ലാൻഡ് 47. പത്ത് ദിവസം കൊണ്ടാണ് 10 ലക്ഷം രൂപയുടെ സാധനങ്ങൾ ശേഖരിച്ചത്. ഒരു കണ്ടെയ്‌നർ ലോറി നിറയെ സാധനങ്ങളുമായാണ് യുവാക്കൾ മലബാറിലേക്ക് പുറപ്പെട്ടത്. പ്രളയത്തിൽ സകലതും നഷ്ടപ്പെട്ടവർക്ക് തന്റെ കടയിലെ തുണിത്തരങ്ങളും നൽകി മാതൃകയായ നൗഷാദും നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തത്.

ചടങ്ങിൽ ലാൻഡ് 47 ചാരിറ്റി ട്രസ്റ്റിന്റെ ഉദ്ഘാടനവും മേഖലയിലെ സാമൂഹിക സംഘടനകൾക്ക് ആദരവും നടത്തി. എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. കയ്പ്പമംഗലം എസ്.ഐ ജയേഷ് ബാലൻ, പഞ്ചായത്തംഗങ്ങളായ ഗീത മോഹൻദാസ്, ഷിഹാസ് മുറിത്തറ, നൗമി പ്രസാദ്, ശ്രീദേവി ദിനേഷ്, കെ.കെ. അഫ്‌സൽ, പി.എസ്. ഷാഹിർ എന്നിവർ സംസാരിച്ചു.