തൃശൂർ: കവർച്ചാ കേസിലെ പ്രതികൾ കാച്ചേരി അംഗൻവാടിക്കടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ ഒല്ലൂർ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കേസിൽ ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന്റെ കൂട്ടാളികളെ എട്ട് വർഷം 9 മാസം തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജിയോ എന്ന കറുമ്പൂസ്, നിനോ , നെൽസൺ എന്ന മണ്ടു എന്നിവരെയാണ് വിവിധ വകുപ്പുകളിലായി തൃശൂർ രണ്ടാം അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് പി.എസ് ജോസഫ് ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം രണ്ടര മാസം അധികം തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.
2016 ആഗസ്റ്റ് 16 ന് രാവിലെ 9.30 നായിരുന്നു സംഭവം. അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന സബ് ഇൻസ്‌പെക്ടറായിരുന്ന പ്രശാന്ത് ക്ലിന്റിനെയും അംഗങ്ങളായ സിവിൽ പൊലീസ് ഓഫീസർ ധനേഷ്, ഷിജു, രഞ്ജിത് എന്നിവരെയുമാണ് ആക്രമിച്ചത്. പ്രശാന്ത് ക്ലിന്റിന്റെ കൈ പിടിച്ച് തിരിക്കുകയും, ധനേഷിന്റെ മുഖത്ത് കുത്തുകയും, ഷിജു, രഞ്ജിത് എന്നിവരെ ഇരുമ്പ് വടി കൊണ്ട് അടിച്ചും, വാളു കൊണ്ട് വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ജിയോ എന്ന കറമ്പൂസിനെയും, നിനോവിനെയും പൊലീസ് കീഴടക്കി. മൂന്നാം പ്രതിയായ നെൽസൺ എന്ന മണ്ടു സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റ് ചെയ്തു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. മൂന്ന് തൊണ്ടിമുതലുകളും, 39 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. വിചാരണയ്ക്ക് കോടതിയിൽ കൊണ്ടുവരുന്നതിനിടെ പ്രതികളും, എതിർഗ്രൂപ്പുകളും തമ്മിൽ കോടതി പരിസരത്ത് പലപ്പോഴും സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഒല്ലൂർ സി.ഐ ആയിരുന്ന കെ.കെ സജീവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. വിവേകാനന്ദൻ, അഭിഭാഷകരായ പൂജ വാസുദേവൻ, കെ. അമൃത, പി.എസ്. ചിന്തു എന്നിവർ ഹാജരായി.