കയ്പ്പമംഗലം: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തിൽ കോട്ടപ്പുറം വള്ളംകളി മത്സരം നടത്താനുള്ള നീക്കത്തിൽ നിന്നും ടൂറിസം വകുപ്പ് പിൻമാറണമെന്ന് എസ്.എൻ.ഡി.പി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖാ യോഗം ആവശ്യപ്പെട്ടു. സമാധി ദിനത്തിൽ എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിലും എല്ലാ എസ്.എൻ.ഡി.പി യോഗം ശാഖകളിലും നടക്കുന്ന പ്രാർത്ഥനകളും പൂജകളും പ്രഭാഷണങ്ങളുമെല്ലാം അവഗണിച്ച് വള്ളംകളി മത്സരം നടത്താനുള്ള നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. ആഘോഷ കമ്മിറ്റി ചെയർമാനും എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പറുമായ ഹരിശങ്കർ പുല്ലാനി അദ്ധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി രക്ഷാധികാരിയും ശാഖാ പ്രസിഡന്റുമായ ഇ.ആർ. കാർത്തികേയൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ പി.ഡി. ശങ്കരനാരായണൻ, വൈസ് ചെയർമാൻ പ്രദീപ് തണ്ടാംപറമ്പിൽ, കുട്ടൻ കണ്ണാംകുളം, മനോഹരൻ പുല്ലാനി, തിലകൻ പോളശ്ശേരി, ഉണ്ണിക്കൃഷ്ണൻ ഏറാട്ട്, വനിതാ സംഘം സെക്രട്ടറി ഷൈലജ പ്രതാപൻ, സംഗീത ഷാഫി തുടങ്ങിയവർ സംസാരിച്ചു.