മാള: മഹാപ്രളയത്തിൽ വൻ നാശനഷ്ടം സംഭവിച്ച അന്നമനട വിവേകോദയം വിദ്യാമന്ദിർ വിദ്യാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ നൽകി. വിദ്യാലയം മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് അര ലക്ഷം രൂപ സമാഹരിച്ചത്. കഴിഞ്ഞ പ്രളയത്തിൽ പഠനോപകരണങ്ങളും സാധന സാമഗ്രികളും പൂർണമായി നഷ്ടപ്പെട്ടിരുന്നു. മാനേജ്‌മെന്റും വിദ്യാലയ സമിതിയും നാട്ടുകാരും ചേർന്നാണ് വിദ്യാലയത്തെ പൂർവസ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഏറ്റുവാങ്ങി. വിദ്യാലയ സമിതി പ്രസിഡന്റ് വി.സി. ശ്യാംകുമാർ, സെക്രട്ടറി വി.ബി.ഷിബു, ടി.കെ. സതീശൻ, പ്രവീൻചന്ദ്രൻ, ടി.ബി. സോമശേഖരൻ, കെ.കെ. പ്രദീപ് എന്നിവർ പങ്കെടുത്തു. പുതുക്കാട് മന്ത്രിയുടെ ഓഫീസിൽ വച്ചാണ് സംഭാവന കൈമാറിയത്.