മുപ്ലിയം: മുനിയാട്ടുകുന്നിൽ ഭൂമി വിണ്ടു കീറിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അവിടം സന്ദർശിച്ച വിദഗ്ദ്ധ സംഘം. അവിടെ നേരത്തെ കൂട്ടിയിട്ടിരുന്ന മണ്ണിലാണ് വിള്ളൽ വീണതെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അഭിപ്രായപ്പെട്ടു. മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർ എം.സി കിഷോർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ പി.ഡി സിന്ധു, ഗ്രൗണ്ട് വാട്ടർ ജില്ലാ ഓഫിസർ പി.കെ പ്രേംലാൽ, ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. എൻ.എം സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയെത്തിയത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ ഡിക്‌സൻ, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ, വൈസ് പ്രസിഡന്റ് സുധിനി രാജീവ്, അംഗം ബെന്നി ചാക്കപ്പൻ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. മുനിയാട്ടുകുന്നിൽ ഭൂമി വിണ്ടു കീറിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതാണ് വിദഗ്ദ്ധ സംഘത്തിന്റെ സന്ദർശനത്തിന് അടിസ്ഥാനം.

ഭൂമി 50 മുതൽ 75 സെ.മി വരെ വീതിയിലും ഒന്നര മീറ്റർ വരെ ആഴത്തിലും വിണ്ടിട്ടുണ്ട്. എന്നാൽ ഈ വിള്ളലിന് ഒരു വർഷമെങ്കിലും പഴക്കം ഉണ്ടാകുമെന്നാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസർ പി. ഡി സിന്ധു പറഞ്ഞത്. വിള്ളലിനോട് ചേർന്ന് ചെറിയ വൃക്ഷങ്ങളും പുല്ലും വളർന്നിട്ടുണ്ട്. അതിനാൽ ഉരുൾപൊട്ടലിനോ അഥവാ മണൊലിപ്പിനോ നിലവിൽ യാതൊരു സാദ്ധ്യതയുമില്ല. അഥവാ ഒരു മണ്ണൊലിപ്പ് ഉണ്ടായാൽ തന്നെയും അത് മുനിയാട്ടുകുന്നിൽ തന്നെയുള്ള ചാലിലൂടെ താഴേക്ക് ഒഴുകി പോകുകയും ചെയ്യും. അതുകൊണ്ട് നിലവിൽ അവിടെയുള്ള താമസക്കാർ ഭയക്കേണ്ടതില്ലെന്നാണ് സംഘത്തിന്റെ അഭിപ്രായം.