അരിമ്പൂർ: അരിമ്പൂർ ആഗ്രോ സർവീസ് സെന്ററിന് മുമ്പിൽ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു. ഈ അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ വരുന്നതിനിടെ എറവ് ക്ഷേത്രം വളവിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മതിലിടിച്ച് തകർത്തു. ഇരു അപകടങ്ങളിലുമായി 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
പെരിങ്ങോട്ടുകര സർവതോ ഭദ്രം ആംബുലൻസ് ഡ്രൈവർ തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (35), സഹായിയായ തളിക്കുളം സ്വദേശി വൈശാഖ് (19) എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂർ അശ്വനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ കണ്ടശാങ്കടവ് വടക്കേത്തല ഫ്രാൻസീസ് ഭാര്യ ഷെർലി (48), ബീന, വിനോദ്, പാലയൂർ ചിറ്റിലപ്പള്ളി വീട്ടിൽ സിനി ബിജു (35), ജീപ്പ് യാത്രക്കാരനായ വാടാനപ്പള്ളി തൃത്തല്ലൂർ ചേന്ത്ര വീട്ടിൽ സുധീഷ് (35) എന്നിവരെ ഒളരി മദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ആഗ്രോ സെന്ററിന്റെ മുമ്പിൽ ആദ്യത്തെ അപകടം നടന്നത്. പുള്ള് ആലപ്പാട്ട് കാഞ്ഞാണി വഴി തൃശൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസും എതിർദിശയിൽ നിന്ന് വന്നിരുന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് തിരിഞ്ഞു നിന്നു. ബസ് സമീപത്തെ വീടിന്റെ മുമ്പിലെ വെൽഡിംഗ് വർക്ക്ഷോപ്പിന്റെ ഗ്രില്ലിൽ ഇടിച്ച് നിന്നു.
പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരാണ് വിവിധ വാഹനങ്ങളിൽ തൃശൂരിലെ വിവിധ ആശുപത്രികളിൽ എത്തിച്ചത്. ജീപ്പിന്റെ മുൻവശം തകർന്നു. ബസിന്റെ ഡ്രൈവർ സീറ്റിന്റെ വശവും തകർന്നിട്ടുണ്ട്. പിന്നീട് 2.30 ഓടെയാണ് എറവ് ആറാങ്കല്ല് ക്ഷേത്രം വളവിൽ എതിർദിശയിൽ നിന്ന് വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലൻസ് മതിലിൽ ഇടിച്ചത്. ആംബുലൻസിന്റെ ആക്‌സിലൊടിഞ്ഞ് മുൻവശം റോഡിൽ കുത്തി നിന്നു. പിൻവശം മതിലിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. നാട്ടുകാർ ആംബുലൻസിന്റെ മുൻവശത്തെ ഡോർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും സഹായിയേയും പുറത്തെടുത്തത്.