ചാലക്കുടി: ജനവാസ കേന്ദ്രത്തിൽ ആരംഭിച്ച ബിവറേജസ് ഷോപ്പ് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റുന്നതിന് സർക്കാരിനോട് ആവശ്യപ്പെടാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. എന്നാൽ ഷോപ്പ് അടച്ചുപൂട്ടണമെന്ന തീരുമാനം കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു.

നഗരസഭയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്നതല്ല ഇക്കാര്യം, എന്നാൽ ജനവികാരം സർക്കാരിനെ അറിയിക്കുകയാണ് ഉചിതമാർഗമെന്നും ചെയർപേഴ്ൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു. ഭരണ - പ്രതിപക്ഷ ഭേദമന്യേ മദ്യഷോപ്പ് ഇപ്പോഴത്തെ സ്ഥലത്തു നിന്നും മാറ്റണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ജനവാസം കുറഞ്ഞ പ്രദേശമാണ് ഉചിതമെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതിനായി പുതിയ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷത്തെ ബിജു ചിറയത്ത്, ജിയോ കിഴക്കുംതല എന്നിവർ നിർദ്ദേശിച്ചത് ഭരണപക്ഷം അംഗീകരിക്കുകായിരുന്നു. ഇക്കാര്യം തീരുമാനമായി പ്രഖ്യാപിക്കാൻ തുടങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തത്തിന്റെ ഇറങ്ങിപ്പോക്ക്.

പ്രശ്‌നം ആളിക്കത്തിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന സ്വന്തം അംഗങ്ങളുടെ അഭിപ്രായം, ഓർക്കാപുറത്തു കിട്ടിയ പ്രഹരമായി. അവസരം മുതലെടുത്ത ഭരണപക്ഷം പ്രസ്തുത ആവശ്യം തീരുമാനമായി പ്രഖ്യാപിക്കാൻ തുനിഞ്ഞപ്പോഴാണ് പ്രതിപക്ഷം അപകടം മണത്തത്. ഇതോടെ അവർ യോഗം ബഹിഷ്കരിക്കുകയും കൗൺസിൽ യോഗത്തിൽ വിയോജന കുറിപ്പ് രേഖപ്പെടുത്തുകയുമായിരുന്നു.

വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ജിയോ കിഴക്കുംതല, പി.എം. ശ്രീധരൻ, ജിജൻ മത്തായി, വി.ജെ. ജോജി, കെ.വി. പോൾ, മേരി നളൻ, കെ.എം. ഹരിനാരായണൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

ആദ്യവാദം പിടിവള്ളിയായി

ജനവാസം കുറഞ്ഞ പ്രദേശത്തേക്ക് മാറ്റണമെന്ന് ആദ്യം പ്രതിപക്ഷ വാദം

വാദം ഉന്നയിച്ചത് പ്രതിപക്ഷത്തെ ബിജു ചിറയത്ത്, ജിയോ കിഴക്കുംതല എന്നിവർ

തീരുമാനം അംഗീകരിക്കാൻ ശ്രമം തുടങ്ങിയതോടെ പ്രതിപക്ഷം ആവശ്യം മാറ്റി

ചാലക്കുടിയിൽ ബിവറേജസ് ഷോപ്പ് വേണ്ടെന്നാക്കി പ്രതിപക്ഷ തീരുമാനം

പ്രതിപക്ഷത്തിന്റെ ആദ്യവാദം പിടിവള്ളിയാക്കി ഭരണപക്ഷം തീരുമാനമെടുത്തു