ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷയെയും കുടുംബത്തെയും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ വാഴച്ചാൽ സ്വദേശിയും ആദിവാസിയുമായ രമ്യ ബിനു(30), ഭർത്താവ് ബിനു(31) എന്നിവരെ പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമ്യയുടെ പിതാവ് ചന്ദ്രനും ആശുപത്രിയിൽ ചികിത്സ തേടി.

തിങ്കളാഴ്ച വാഴച്ചാൽ കോളനിയിലുള്ള ഇവരുടെ വീട്ടിൽ മഫ്ടിയിൽ എത്തിയാണ് റേഞ്ച് ഓഫീസർ ആക്രമണം നടത്തിയതെന്ന് പറയുന്നു. ചാർപ്പ റേഞ്ച് ഓഫീസർ വിനോദയാത്ര പോയതു സംബന്ധിച്ച് ഫേസ്‌ബുക്കിൽ, വി.എസ്.എസിലെ താത്കാലിക ജീവനക്കാരനായ ബിനു കമന്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് റേഞ്ച് ഓഫീസറുടെ ആക്രമിച്ചതെന്നാണ് ആരോപണം.

ബിനുവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ രമ്യയെയും കഴുത്തിൽ പിടിച്ച് ബലമായി അമർത്തി. ഇതിനിടെയെത്തിയ ചന്ദ്രനെയും തള്ളിയിട്ടു. ബഹളം കേട്ട് മറ്റു വീട്ടുകാർ എത്തിയപ്പോഴാണ് റേഞ്ച് ഓഫീസർ പിൻവാങ്ങിയത്. ആദിവാസികളെക്കുറിച്ച് പുലഭ്യം പറഞ്ഞായിരുന്നു മർദ്ദനമെന്ന് ബിനു പറഞ്ഞു. റേഞ്ച് ഓഫീസർ ഞായറാഴ്ച വൈകീട്ട് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് രമ്യ പൊലീസിന് മൊഴി നൽകി.

അക്രമം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണമെന്ന് ആശുപത്രിയിലെത്തിയ അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ റേഞ്ച് ഓഫീസർക്കെതിരെ കേസെടുക്കുമെന്ന് അതിരപ്പിള്ളി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വാഴച്ചാലിൽ സി.പി.എമ്മും കുടുംബശ്രീയും സംയുക്തമായി പ്രകടനം നടത്തി.