തൃശൂർ: പ്രളയത്തിൽ ഒരാണ്ടിന്റെ അദ്ധ്വാനമെല്ലാം മുങ്ങിപ്പോയി കണ്ണീരിലാണ്ട കർഷകരെ കൈപ്പിടിച്ചുയർത്താൻ 'കർഷകസാന്ത്വനം' പച്ചക്കറി വിപണി സജീവം. കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ ഇന്നലെ തേക്കിൻകാട് തെക്കേഗോപുര നടയിൽ തുടങ്ങിയ മേളയിൽ നിന്ന് സെപ്തംബർ രണ്ട് വരെ, രാവിലെ 10 മുതൽ രാത്രി 8 വരെ കാർഷികോത്പന്നങ്ങൾ വാങ്ങാം. തുടർന്ന് കൃഷി വകുപ്പിന്റെ ഓണം വിപണി അവസാനിക്കുന്നത് വരെയും വിൽപ്പന ഉണ്ടാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകസംഘങ്ങളിൽ നിന്നും ശേഖരിച്ച 22 ഇനം പച്ചക്കറികളാണ് പ്രദർശനമേളയിലുള്ളത്. പൊതുവിപണിയിലേക്കാൾ വിലക്കുറവിലാണ് ഇവ ലഭ്യമാവുക.
രണ്ടാം വർഷവും പ്രളയദുരിതം അനുവദിച്ച കർഷകരുടെ കണ്ണീരൊപ്പാൻ കൃഷിമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മേള തുടങ്ങിയത്. പ്രളയബാധിത കർഷകരുടെ നേന്ത്രക്കായയും മറ്റ് പച്ചക്കറികളും മാത്രമാണ് വിറ്റഴിക്കുന്നത്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ തുടങ്ങി സർക്കാർ ഏജൻസികളും വിപണിയിൽ പങ്കാളികളാണ്.
ഇത്തരം വിപണിയിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭം കർഷകർക്ക് തിരിച്ചു നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്യഷി വകുപ്പിന്റെ ഓണവിപണി അവസാനിക്കുന്നതു വരെ ഈ സംരംഭം എല്ലാ ജില്ലയിലും തുടരും.
പച്ചക്കറി ഇനങ്ങൾ
കുമ്പളം, നേന്ത്രക്കായ, നേന്ത്രപ്പഴം, പാവയ്ക്ക, വെണ്ട, പടവലം, വഴുതന, നാടൻമുളക്, കോടാലി മുളക്, ചേന, കപ്പ, കോവയ്ക്ക, ഇഞ്ചി, വാഴക്കൂമ്പ്, എള്ള്, കറിനാരങ്ങ
ഏറ്റെടുത്ത് കർഷകർ
പഴം പച്ചക്കറി സ്റ്റാളിലേക്ക് വി.എഫ്.പി.സി.കെയാണ് കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. മാള കുഴൂരിലെ ലീല, ഇ.ടി ഡേവിസ് എന്നീ കർഷകരിൽ നിന്നും നേന്ത്രക്കായ, പരിയാരം പി.വി ലോന, കെ.വി തോമസ്, ജോളി റപ്പായി എന്നിവരിൽ നിന്നും നേന്ത്രപ്പഴം, കുഴൂർ ബബിത ഫ്രാൻസസിസ്, സന്തോഷ്, ഷാജു, പരിയാരം പി.കെ ബാബു എന്നിവരിൽ നിന്നും ചേനയും, മാളയിലെ കർഷകനായ സുനിലിൽ നിന്നും വെണ്ടയും ശേഖരിച്ചു. മാളയിലെ കർഷകനായ ചന്ദ്രനിൽ നിന്നും വഴുതന സ്റ്റാളിൽ എത്തിച്ചു. മരോട്ടിച്ചാലിലെ വർഗ്ഗീസിൽ നിന്നും പാവലും, പരിയാരം ജോബി ജോസിൽ നിന്ന് വാഴക്കൂമ്പും പഴം, പച്ചക്കറി വിപണന മേളയിൽ കൊണ്ടുവന്നിരുന്നു.
''ഇത്തരം വിപണികളിൽ നിന്ന് പരമാവധി കാർഷിക ഉത്പന്നങ്ങൾ വാങ്ങി പൊതു സമൂഹം കർഷകർക്ക് താങ്ങായി നിൽക്കണം.''
വി.എസ് സുനിൽ കുമാർ, കൃഷിമന്ത്രി..