വടക്കാഞ്ചേരി: പ്രളയ ബാധിതർക്ക് വയോധികയുടെ സഹായഹസ്തം. സി.പി.എം നേതാവിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവളകൾ നൽകിയാണ് മാതൃകയായത്. സി.പി.എമ്മിന്റെ ആദ്യകാല നേതാവും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗമായും തെക്കുംകര എൽ.സി സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സി.ഐ.ടി.യു നേതാവ് മങ്കര നമ്പ്രത്ത് എൻ.വി. ശ്രീധരന്റെ (മണിക്കുട്ടി) ഭാര്യ ചന്ദ്രിക (64) യാണ് തന്റെ സ്വർണ്ണവളകൾ മന്ത്രി എ.സി. മൊയ്തീനു കൈമാറിയത്.

മഹാപ്രളയത്തിൽപ്പെട്ട് വിവിധയിടങ്ങളിൽ ദുരിതക്കയത്തിലായവരുടെ കഥകൾ കേട്ടും ദൃശ്യങ്ങൾ കണ്ടും മനംനൊന്താണ് സഹായം ചെയ്യാൻ കൈയിൽ അണിഞ്ഞിരുന്ന മൂന്ന് പവൻ വരുന്ന നാല് സ്വർണ്ണ വളകൾ ഊരി മന്ത്രിയെ ഏൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തന്റെ കൈവശം ഇപ്പോൾ ഇതേയുള്ളൂവെന്ന് മന്ത്രിയെ അറിയിച്ചപ്പോൾ വീട്ടിലെത്തി സ്വീകരിക്കാമെന്ന് മന്ത്രി മറുപടിയും നൽകി.
2018ൽ 14000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ചന്ദ്രിക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത്തവണ വളകൾ നൽകാനുള്ള തീരുമാനം ഭർത്താവ് ശ്രീധരനെ അറിയിച്ചപ്പോൾ അദ്ദേഹം മികച്ച പിന്തുണ നൽകി മന്ത്രിക്കു കൈമാറാമെന്ന് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മങ്കരയിലെ വീട്ടിലെത്തിയ മന്ത്രിക്ക് ചന്ദ്രിക വളകൾ ഊരി നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.വി. സുനിൽകുമാർ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സുജാത ശ്രീനിവാസൻ, വി.ജി. സുരേഷ്, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ ടി. പരമേശ്വരൻ, എം.വി. അരവിന്ദാക്ഷൻ, മുതിർന്ന നേതാവ് പി. ഭാഗ്യലക്ഷ്മി അമ്മ, ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറി വി.സി. സജീന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ചന്ദ്രികയെയും ഭർത്താവ് മണിക്കുട്ടിയെയും (ശ്രീധരൻ ) മന്ത്രി ചടങ്ങിൽ അനുമോദിച്ചു.

സഹജീവികൾ ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ സ്വന്തം വീടും ഉറ്റവരെയും നഷ്ടപ്പെട്ട് ദുരിതം പേറുമ്പോൾ താൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് നടക്കുന്നതിൽ ഒരു അർത്ഥവുമില്ല.

- ചന്ദ്രിക

കാപ്

മങ്കര സ്വദേശിനിയായ ചന്ദ്രിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സ്വർണ്ണ വളകൾ മന്ത്രി എ.സി. മൊയ്തീനെ ഏൽപ്പിക്കുന്നു.