വടക്കാഞ്ചേരി: ആധുനിക തലമുറ പ്രകൃതിയുമായി അകന്നതാണ് പല പ്രശനങ്ങളുടെയും കാരണമെന്നും കട്ടികൾ മണ്ണിനോടും പരിസ്ഥിതിയോടും ഇണങ്ങിച്ചേർന്ന് ജീവിക്കാനുള്ള അവസരമൊരുക്കണമെന്നും മന്ത്രി എ.സി. മൊയ്തീൻ. ഭാരതീയ ചികിത്സാ വകുപ്പിന്റെ കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം എന്ന സന്ദേശമുയർത്തി നടപ്പാക്കുന്ന ദൃഷ്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി ഗവ. ഗേൾസ് എൽ.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതചര്യയിലും ഭക്ഷണ ശീലത്തിലും ഉണ്ടായ മാറ്റങ്ങളാണ് ഒരു പരിധി വരെ കുട്ടികളിലെ കാഴ്ച വൈകല്യത്തിനിടയാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ജയ പ്രീത മോഹൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ഷിബു, എ.ഇ.ഒ: ശോഭനകുമാരി, ബി.പി.ഒ: എൻ.സി. രാമകൃഷ്ണൻ, പ്രധാന അദ്ധ്യാപിക രാജി മോൾ തുടങ്ങിയവർ സംസാരിച്ചു.