കൊടുങ്ങല്ലൂർ: മഹാസമാധി നാളിൽ കോട്ടപ്പുറത്ത് വള്ളംകളി നടത്താനുള്ള നീക്കത്തിനെതിരെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഉയർന്ന പ്രതിഷേധം ഫലം കണ്ടു. നേരത്തെ നിശ്ചയിച്ചതിൽ മാറ്റം വരുത്തി ഒക്ടോബർ 12ലേക്ക് വള്ളംകളി നടത്തും.

മഹാസമാധിക്ക് വള്ളംകളി നടത്താനുള്ള ടൂറിസം വകുപ്പിന്റെ നീക്കത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ ഉൾപ്പെടെയുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളും കോൺഗ്രസ്, ബി.ഡി.ജെ.എസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും. രംഗത്തെത്തിയിരുന്നു.

പ്രതിഷേധം ശക്തമായിരിക്കെ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കോട്ടപ്പുറം ബോട്ട് ക്ലബ് തന്നെ തീയതി മാറ്റണമെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ഇതേത്തുടർന്ന് കളക്ടർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ച യോഗത്തിൽ സംഘാടക സമിതി രൂപീകരണം തന്നെ പാളി. തീയതി മാറ്റിയില്ലെങ്കിൽ സംഘാടനത്തിൽ നിന്ന് പിന്മാറുന്നതായി കോട്ടപ്പുറം ബോട്ട് ക്ലബ് അറിയിച്ചു.

ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെട്ട കോട്ടപ്പുറം വള്ളം കളിയുടെ തീയതി മാറ്റിയതോടെ കോട്ടപ്പുറം ബോട്ട് ക്ലബ് ഉൾപ്പെടെയുള്ളവർ പരിപാടിയുമായി സഹകരിക്കും.

​ ഐ.പി.എൽ മാതൃകയിൽ ബോട്ട് ലീഗ്

കാലവർഷക്കെടുതിക്ക് ശേഷം മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ), ആലപ്പുഴയിൽ പുന്നമടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പം ആഗസ്റ്റ് 31ന് ആരംഭിക്കുമെന്നാണ് വിവരം. നവംബർ 23ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെയാണ് സി.ബി.എൽ സമാപിക്കുക. ബോട്ട് ലീഗ് നടത്തിപ്പിനായി സർക്കാർ സി.ബി.എൽ ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്.

വർഷകാല വിനോദമായി ഐ.പി.എൽ മാതൃകയിൽ ചുണ്ടൻവള്ളങ്ങളെ പങ്കെടുപ്പിച്ച് വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി, വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ആണ് ഈ വർഷത്തേത്. പരമ്പരാഗത വള്ളംകളി മത്സരങ്ങളിൽ സമൂല മാറ്റം വരുത്തിയ മത്സരക്രമത്തിന് മൺസൂൺ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനും കഴിയും.

സി.ബി.എൽ ഇങ്ങനെ

​ 12 മത്സരങ്ങളിലായി ആകെ 9 ടീമുകൾ അണിനിരക്കും

​ 5.9 കോടി രൂപയാണ് സി.ബി.എൽ സമ്മാനത്തുക

​ 12 മത്സരങ്ങളിലും കോയിനുകളുടെ അടിസ്ഥാനത്തിൽ സമ്മാനം

​ ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, രണ്ടിന് 15 ലക്ഷം, മൂന്നിന് 10 ലക്ഷം രൂപ

​ ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ടീമിന് നാലു ലക്ഷം രൂപ വീതം ബോണസ്