തൃശൂർ: രാഷ്ട്രീയ കൊലപാതകക്കേസുകളിൽ സി.ബി.ഐ അന്വേഷണം സർക്കാർ ഭയക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചാവക്കാട്ടെ കോൺഗ്രസ് നേതാവ് നൗഷാദിന്റെ ഘാതകരെ പിടികൂടുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നൗഷാദ് വധക്കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണം. സി.ബി.ഐക്ക് മാത്രമേ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനാകൂ. ഇത്തരം കേസുകളിൽ കുറ്റക്കാരെ ഉടൻ പിടികൂടി ശിക്ഷിച്ചാൽ അക്രമികളിൽ പേടി ഉണ്ടായി കുറ്റങ്ങൾ കുറയും. പ്രതികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. അതിനാലാണ് കാസർകോട് ഇരട്ടക്കൊലപാതകക്കേസിലും ഷുഹൈബ് കൊലപാതകക്കേസിലും സി.ബി.ഐ വേണ്ടെന്ന് വാദിക്കാൻ ലക്ഷങ്ങൾ നല്കി സർക്കാർ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ ഇറക്കിയത്.
കൊലപാതക സംഭവങ്ങളിൽ മുഖ്യമന്ത്രി ആർക്കോ വേണ്ടി പ്രതികളെ സംരക്ഷിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ നാട്ടിലെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കണം. നൗഷാദ് കൊല്ലപ്പെട്ടിട്ട് 22 ദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രധാന പ്രതികളെ പിടിക്കാനായില്ല. ലുക്ക് ഔട്ട് നോട്ടീസ് മാത്രം പുറത്തിറക്കിയിരിക്കുകയാണ്. നൗഷാദിന്റെ കുടുംബത്തെ കെ.പി.സി.സി സംരക്ഷിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ടി.എൻ. പ്രതാപൻ എം.പി. അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി., അനിൽ അക്കര എം.എൽ.എ, പത്മജ വേണുഗോപാൽ, തേറമ്പിൽ രാമകൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.