മാള: പുത്തൻചിറ സർക്കാർ യു.പി സ്‌കൂളിൽ നടക്കുന്ന കെട്ടിട നിർമ്മാണം വിലയിരുത്തുന്നതിന് വി.ആർ. സുനിൽകുമാർ എം.എൽ.എ സന്ദർശനം നടത്തി. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി ഒമ്പത് ക്ലാസ് മുറികളാണ് ആധുനിക രീതിയിൽ നിർമ്മിക്കുന്നത്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് മികച്ച കെട്ടിടം ഒരുക്കുന്നത്. ഏഴായിരം ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞ ഏപ്രിൽ മാസം പത്തിനാണ് തുടങ്ങിയത്. ഇനി രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നും ഇതൊരു അപൂർവ നേട്ടമാണെന്നും സന്ദർശന ശേഷം വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചത്. അസിസ്റ്റന്റ് എൻജിനിയർ സിജോ, പ്രധാനദ്ധ്യാപകൻ ടി. മഹേശൻ, പി.ടി.എ പ്രസിഡന്റ് കെ.കെ. യൂസഫ്, ടി.എൻ. വേണു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.