ചാവക്കാട് :10 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച 800 ചതുരശ്ര അടി അളവിലുള്ള വീടിന് 18.53 ലക്ഷം രൂപ അധിക നികുതി അടയ്ക്കാൻ നോട്ടീസ്. എടക്കഴിയൂർ പഞ്ചവടി വാക്കയിൽ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസയ്ക്കാണ് തൃശൂർ ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർ 18,53,224 രൂപ അധിക നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട് കത്തയച്ചത്.

കേവലം10 ലക്ഷം രൂപയോളം ചെലവിലാണ് വീട് നിർമ്മിച്ചത്. എന്നാൽ വീട് നിർമ്മാണത്തിന് 18.54 കോടി രൂപ ലേബർ ഓഫീസർ കണക്കാക്കിയിട്ടുണ്ട്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് 18.53 ലക്ഷം രൂപ അധിക നികുതിയായി അടയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതിൽ 18,532 രൂപ സർവീസ് ചാർജ് ഇനത്തിൽ പണമായി നേരിട്ട് അടയ്ക്കാനും ബാക്കി 18.34 ലക്ഷം രൂപ ഡി.ഡിയായി തിരുവനന്തപുരത്തെ ബിൽഡിംഗ് ആൻഡ് അദർ വർക്കേഴ്‌സ് കൺസ്ട്രക്‌ഷൻ വെൽഫെയർ ബോർഡ് സെക്രട്ടറിയുടെ പേരിൽ അടക്കാനും നോട്ടീസിൽ ഉണ്ട്.

പരാതിയുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് 20 ദിവസത്തിനകം ബന്ധപ്പെട്ടവർ ജില്ലാ അസിസ്റ്റന്റ് ലേബർ ഓഫീസർ മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കുന്നു. ഹാജരായില്ലെങ്കിൽ മറ്റൊരു അറിയിപ്പില്ലാതെ നിയമ നടപടി എടുക്കുമെന്നും നോട്ടീസിൽ പറയുന്നു. രണ്ടു ദിവസം മുമ്പാണ് നോട്ടീസ് വീട്ടുകാർക്ക് ലഭിച്ചത്. ബാങ്ക് ലോൺ ഉൾപ്പെടെ വിവിധ പദ്ധതികൾ വഴി പണം കടമെടുത്താണ് വീട് പണി പൂർത്തിയാക്കിയത്. എന്നാൽ ലേബർ ഓഫീസറുടെ കത്ത് ലഭിച്ചതോടെ ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് വീട്ടുകാർ.