എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്ത് കോട്ടപ്പുറം ആറ്റത്രയിലെ വ്യാവസായ സ്ഥാപനം അടച്ചു പൂട്ടിയ കോൺഗ്രസ് പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ സി.പി.എം യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന റോഷനി ഇൻഡസ്ട്രീസ് എന്ന സെല്ലോടേപ്പ് നിർമ്മാണ കമ്പനി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അടച്ചത്. അനുവദിച്ചതിലും അധികം പ്രവർത്തന ശേഷിയുള്ള യന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് കാരണം കാണിച്ചാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. എന്നാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വവും കമ്പനി ഉടമയും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് പഞ്ചായത്തിന്റെ നടപടിക്ക് പുറകിലെന്ന് ആരോപണമുണ്ട്. സ്റ്റോപ്പ് മെമ്മോ പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം ഭരണ സമിതി തള്ളിയതിനെ തുടർന്നാണ് സി.പി.എമ്മിന്റെ ഏഴ് അംഗങ്ങൾ ഇറങ്ങി പ്രതിഷേധിച്ചത്.
പഞ്ചായത്തിന്റെ നടപടി സർക്കാരിന്റെ വ്യവസായ നയത്തിനും പഞ്ചായത്ത് രാജ് ആക്ടിനും എതിരാണെന്നും തൊഴിൽ നിഷേധമാണെന്നും പ്രതിപക്ഷ നേതാവ് കെ.വി. രാജ ശേഖരൻ അറിയിച്ചു. അതേ സമയം അനുവദിച്ചതിന്റെ മൂന്നിരട്ടിയിലധികം ശക്തിയുള്ള യന്ത്രങ്ങളാണ് കമ്പനിയിൽ പ്രവർത്തിക്കുന്നതെന്നും പരിസര മലിനീകരണം സൃഷ്ടിക്കുന്നതായി ജനങ്ങളുടെ പരാതിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ അറിയിച്ചു. കമ്പനി ഉടമ നൽകിയ പുതിയ അപേക്ഷ നിയമാനുസൃതമാണെങ്കിൽ പരിഗണിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.