കൊടുങ്ങല്ലൂർ: മത്സ്യബന്ധനത്തിന് പോയ ബോട്ട് കേടായി കടലിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘമെത്തി രക്ഷപ്പെടുത്തി. മുനമ്പം സ്വദേശി ജമാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള അർഹാൻ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അഴീക്കോട് സ്വദേശികളായ എട്ട് പേരും മൂന്ന് ബംഗാളികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മുനയ്ക്കൽ നിന്ന് 10 കിലോമീറ്റർ അകലെ വെച്ച് ബോട്ട് എൻജിൻ തകരാറിലായതാണ് അപകടകാരണം. തിങ്കളാഴ്ച രാത്രിയാണ് ബോട്ടിൽ നിന്നുള്ള സന്ദേശം ഫിഷറീസ് വകുപ്പിന് ലഭിക്കുന്നത്. തുടർന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധ കുമാരിയുടെ നിർദ്ദേശപ്രകാരം സുരക്ഷാ സേനാംഗങ്ങളായ അൻസാർ, ഫസൽ, ദിലീപ്, ജോണി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉവരുടെ മുൻകൈയ്യിൽ ബോട്ട് കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.