കയ്പമംഗലം: ആഴ്ചകൾക്കുമുമ്പ് കുഴികളടച്ച ദേശീയപാത വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ദേശീയപാത 66 കയ്പമംഗലം വഴിയമ്പലം മുതൽ പാലപ്പെട്ടി വരെയാണ് വിവിധ ഭാഗങ്ങളിലായി റോഡ് തകർന്നു കിടക്കുന്നത്. നിരവധി തവണ കുഴികൾ അടച്ചെങ്കിലും കാളമുറി പള്ളിക്ക് മുമ്പിലും കാനറാ ബാങ്കിനടുത്തും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം നിരവധി ബൈക്ക് യാത്രക്കാരും ഒട്ടോറിക്ഷകളുമാണ് അപകടത്തിൽപെടുന്നത്.
വാഹനാപകടങ്ങൾ പതിവാകുന്നവെന്ന പരാതി വ്യാപകമായതോടെ കഴിഞ്ഞ മാസത്തിൽ ദേശീയപാത അധികൃതർ ഈ മേഖലകളിലെ കുഴികൾ മെറ്റലും എമൽഷൻ മിശ്രിതവും ചേർത്ത് അടച്ചിരുന്നു. എന്നാൽ അടച്ച കുഴികളെ കൂടാതെ പലയിടത്തും പുതിയ കൂഴികളും രൂപപെട്ടുവരികയാണ്. കഴിഞ്ഞ ദിവസം നാട്ടുകാർ രൂപപ്പെട്ട വലിയ കുഴികളിൽ വാഴകൾ നട്ട് പ്രതിഷേധിച്ചിരുന്നു.