ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിലെ കാനയുടെ അറ്റകുറ്റ പണി ബുധനാഴ്ച മുതൽ ആരംഭിക്കും. ഏതാനും വർഷമായി ശോചനീയമായി കിടന്ന നഗരത്തിലെ ഏറ്റവും വലിയ കാനയുടെ പുനഃരുദ്ധാരണമാണ് തുടങ്ങുന്നത്.
പലയിടത്തും കാന തകർന്ന നിലയിലാണ്. മലിനജലം ഒഴുകി പോകാതെ ദുർഗന്ധം വമിക്കുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും എറെ ദുരിതമാകുന്നുണ്ട്. കാനയുടെ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ എൻ.എച്ച്.എ.ഐക്ക് നൽകിയെങ്കിലും നടപടിയായിരുന്നില്ല. കൗശിപൻ, ടി.വി. അനുപമ എന്നിവർ ജില്ലാ കളക്ടറായിരുന്ന സമയത്ത് സ്ഥലം സന്ദർശിക്കുകയും അടിയന്തര നടപടി സ്വീകരിക്കാൻ എൻ.എച്ച്.എ.ഐക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രയോജനമുണ്ടായില്ല. ബി.ഡി. ദേവസ്സി എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ നടപടിയായത്.
കാന കെട്ടി മുകളിൽ സ്ലാബുകൾ ഇട്ട് നവീകരിക്കുന്ന പ്രവൃത്തികളാണ് നടത്തുക. ഗുരുവായൂർ ഇൻഫ്ര സ്ട്രക്ചർ കമ്പനിയാണ് നിർമ്മാണം. കാനയുടെ നവീകരണത്തോടെ വർഷങ്ങളായുള്ള സൗത്ത് ജംഗ്ഷനിലെ ദുർഗന്ധപൂർണ്ണമായി അവസ്ഥയക്ക് അറുതിയാകുമെന്ന് വാർഡ് കൗൺസിലർ വി.ജെ. ജോജി പറഞ്ഞു.