കൊടുങ്ങല്ലൂർ: ദേശീയപാതയിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് റോഡിൽ വീണ വീട്ടമ്മയുടെ കാലിലൂടെ നാഷണൽ പെർമിറ്റ് ലോറി കയറിയിറങ്ങി. പടിയൂർ ഒലിയപുറം പതിശ്ശേരി ജോസഫിന്റെ ഭാര്യ ഷൈബി (44)യുടെ വലത് കാലിലൂടെയാണ് ലോറി കയറിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മതിലകം പാരമൗണ്ട് ഓഡിറ്റോറിയത്തിന് മുൻപിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ജോസഫും റോഡിൽ വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വലത് കാൽ തകർന്ന വീട്ടമ്മയെ സ്വകാര്യ ആശുപതിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഏതാനും ദിവസം മുൻപ് പൊളിച്ച റോഡാണ് മഴ പെയ്തതോടെ അപകടക്കെണിയായത്. ദേശീയ പാതയിലാകെ ഇത്തരം അപകടക്കെണികളാണ്. റോഡ് നിറയെ കുഴികളാകുകയും മഴ മൂലം ഇവയാകെ വെള്ളം നിറഞ്ഞ നിലയിലാവുകയും ചെയ്തതോടെ ജനങ്ങൾ ഭീതിയോടെയാണ് ഇത് വഴി സഞ്ചരിക്കുന്നത്.