തൃശൂർ: കോർപറേഷന്റെ കുരിയച്ചിറയിലെ അറവുശാലയിലെ അവശിഷ്ടങ്ങൾ കോലഴിയിലെ പാമ്പൂർ തുരുത്തിൽ സംഭരിക്കാൻ സ്വകാര്യ വ്യക്തി കൊണ്ടുവരുന്നത് നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ നടപടി എടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിൻമാറിയ കോലഴി പഞ്ചായത്ത് സെക്രട്ടറിയെ സി.പി.എം പ്രവർത്തകർ ഉപരോധിച്ചു.
വാഹനത്തിലെ അറവ് മാലിന്യം നീക്കം ചെയ്യാതെ കസ്റ്റഡിയിലെടുക്കാനാകില്ലെന്ന് പൊലീസ് നിലപാട് എടുത്തതോടെ മാലിന്യം കൊണ്ടുവന്ന വ്യക്തിക്ക് തന്നെ വിട്ടു നൽകാൻ സെക്രട്ടറി നീക്കം തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. തുടർന്ന് മാലിന്യം പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സംസ്‌കരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
പാമ്പൂർ പ്രഥാമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പഞ്ചായത്ത് അംഗം ആലീസ്, പി.ടി. പ്രസാദ്, എം.കെ. പ്രഭാകരൻ, ജസ്റ്റിൻ ജോസ്, പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, വികാസ് രാജ്, എൻ.എൻ. മുരളി, സുജാത സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.