വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് ആദരം

തൃശൂർ: ആധുനിക മലയാളി ഏറ്റവും ആദരിക്കേണ്ട പേരാണ് അയ്യങ്കാളിയുടേതെന്ന് കോർപറേഷൻ മേയർ അജിത വിജയൻ പറഞ്ഞു. കേരളകൗമുദി റീഡേഴ്സ് ക്ലബ് അയ്യങ്കാളി ദിനത്തോട് അനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സംഗമവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കലും ജവഹർ ബാലഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
മനുഷ്യരെ മൃഗങ്ങളെപ്പോലെ കരുതിയിരുന്ന കാലത്ത് നിരവധി സമരപോരാട്ടങ്ങളിലൂടെ അനാചാരങ്ങൾ മാറ്റിയെടുക്കാൻ നേതൃത്വം നൽകിയ അയ്യങ്കാളിയെ എക്കാലവും മലയാളി ഹൃദയത്തോട് ചേർത്ത് നിറുത്തണം. മറ്റു പല പത്രപ്രസിദ്ധീകരണങ്ങളും അയ്യങ്കാളിയെ മറക്കുമ്പോൾ കേരളകൗമുദിയാണ് അദ്ദേഹത്തെ ഉചിതമായി അനുസ്മരിക്കുന്നത്. അന്യം നിന്നുപോകുന്ന കലകളെയും സമൂഹം അകറ്റിനിറുത്തിയിരുന്ന കലാകാരന്മാരെയും ആദരിക്കുന്ന കേരളകൗമുദിയെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയാണ്. മൊബൈലിന് പിന്നാലെ ആധുനികസമൂഹവും പുതുതലമുറയും പോകുമ്പോൾ അവരെ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ കൂടി പഠിപ്പിക്കേണ്ടതുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്തപ്പോൾ നമുക്ക് തിരിച്ചടിയുണ്ടായി. അത് അതിജീവിച്ചത് ജാതി, മതഭേദമന്യേ നമ്മൾ ഒന്നിച്ചപ്പോഴാണെന്നും മേയർ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരേക്കാൾ നല്ല സോഷ്യലിസ്റ്റ് അയ്യങ്കാളി തന്നെയാണെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ കെ.പി.എം.എസ് സംസ്ഥാന ഉപദേശകസമിതി ചെയർമാൻ ടി.വി ബാബു അഭിപ്രായപ്പെട്ടു. മുമ്പില്ലാത്ത വിധം വിവിധ സംഘടനകൾ അയ്യങ്കാളി ജയന്തി ആഘോഷിക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളിലുളളവരെ തേടിപ്പിടിച്ച് ആദരിക്കുകയും അയ്യങ്കാളി ജയന്തി ആഘോഷിക്കുകയും ചെയ്യുന്ന കേരളകൗമുദിയുടെ നിലപാട് മാതൃകാപരമാണ്. ജാതീയതയിൽ അഭിരമിക്കുന്ന വലിയൊരു വിഭാഗം താഴേയ്ക്കിടയിലുളളവരെ നോക്കാൻ മറക്കരുത്. മുകളിലേക്ക് മാത്രം നോക്കിയാൽ വീഴുമെന്ന് അവർ ഓർക്കണം. മറ്റ് പല വിഭാഗങ്ങളിൽ നിന്നുമുളള നേതാക്കളെ പ്രജാസഭയിലെടുക്കണമെന്ന് നിർദ്ദേശിച്ചത് അയ്യങ്കാളിയായിരുന്നുവെന്ന് ആരും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അനീതികളോട് അയ്യങ്കാളി നടത്തിയ സമരങ്ങളാണ് നമ്മെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് ഓർക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച കേരളകൗമുദി റീഡേഴ്‌സ് ക്‌ളബ് മേഖലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.വി സദാനന്ദൻ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നും മാറ്റിനിറുത്തിയ കാലത്ത് അയ്യങ്കാളി നടത്തിയ സമരങ്ങൾക്ക് എല്ലാ ഉത്തേജനങ്ങളും നൽകിയത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, അറുമുഖൻ വെങ്കിടങ്ങ്, പി.കെ. ശങ്കർദാസ്, തേശേരി നാരായണൻ, പി.കെ. മോഹൻകുമാർ, സുബ്രഹ്മണ്യൻ വേലൂർ ബസാർ, സുരേന്ദ്രൻ കോട്ടപ്പടി, ആർട്ടിസ്റ്റ് വിജയൻ മാരേക്കാട്, ഹരിദാസ് വൈദ്യർ, അശോകൻ ഗുരുക്കൾ എന്നിവരെ പൊന്നാടയണിയിച്ചും ഫലകം നൽകിയും മേയർ ആദരിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ സംബന്ധിച്ചു. കേരളകൗമുദി ഡെസ്‌ക് ചീഫ് സി.ജി സുനിൽകുമാർ സ്വാഗതവും ബ്യൂറോ ചീഫ് പ്രഭു വാര്യർ നന്ദിയും പറഞ്ഞു. പാർവതി സുനിൽകുമാർ പ്രാർത്ഥനാഗീതം ആലപിച്ചു.