തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെഗോപുര നടയിൽ സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇക്കുറിയും അത്തം നാളിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കും. സെപ്തംബർ രണ്ടിന് സൗഹൃദക്കൂട്ടായ്മ പ്രവർത്തകരും പ്രളയദുരിത ബാധിതരും ചേർന്നാണ് പൂക്കളമൊരുക്കുക. ക്ഷേത്രദർശനത്തിനെത്തുന്നവരും പ്രഭാതസവാരിക്കാരുമെല്ലാം പൂക്കളമൊരുക്കാൻ കൂടും. ഭീമൻ അത്തപ്പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആർട്ടിസ്റ്റ് ആനന്ദൻ സ്‌കെച്ച് തയ്യാറാക്കി. അത്തം നാളിൽ പുലർച്ചെ മൂന്നിന് വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് ശേഷം പൂക്കളിട്ടു തുടങ്ങും.
കല്യാൺ സിൽക്‌സ് എം.ഡി. ടി.എസ്. പട്ടാഭിരാമൻ ആദ്യപുഷ്പം അർപ്പിക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അംഗീകാരത്തോടെയാണ് ഇക്കൊല്ലത്തെ അത്തപ്പൂക്കളമൊരുക്കൽ. സായാഹ്നവേളയിൽ വടക്കുന്നാഥൻ തെക്കെ ഗോപുരനടയിൽ വിശ്രമിക്കാൻ വരുന്നവരുടെ കൂട്ടായ്മയാണ് സായാഹ്ന സൗഹൃദക്കൂട്ടായ്മ. തുടർച്ചയായ 12ാം വർഷമാണ് ഈ കൂട്ടായ്മ അത്തപ്പൂക്കളമൊരുക്കുന്നത്.
സെപ്തംബർ രണ്ടിന് രാവിലെ 10ന് ജില്ലാതല ഓണാഘോഷ കൊടിയേറ്റം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കും. മേയർ അജിതാ വിജയൻ അത്തപ്പൂക്കളം സമർപ്പിക്കും. കളക്ടർ എസ്. ഷാനവാസ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ എന്നിവർ മുഖ്യാതിഥികളാവും. വൈകീട്ട് അഞ്ചിന് ദീപച്ചാർത്ത് നടത്തും. ഒരുക്കങ്ങൾക്കായി ചേർന്ന യോഗത്തിൽ സി.കെ. ജഗന്നിവാസൻ അദ്ധ്യക്ഷനായി. ഷോബി ടി. വർഗ്ഗീസ്, കെ.വി. സുധർമ്മൻ, കെ.കെ. പ്രശാന്ത്, സി.എൻ. ചന്ദ്രൻ, ജോബി തോമസ്, പി.ഡി. സേവ്യർ, മനോജ് ചെമ്പിൽ, ഇ.എൻ. ഗോപി, സണ്ണി ചക്രമാക്കൽ, സോമൻ ഗുരുവായൂർ, എസ്. സുബ്രഹ്മണ്യൻസ്വാമി എന്നിവർ പ്രസംഗിച്ചു.