sankaranaranan
ചെങ്ങാലിക്കോടൻ നേന്ത്രവാഴകൃഷിത്തോട്ടത്തിൽ ശങ്കരനാരായണൻ നമ്പ്യാർ

എരുമപ്പെട്ടി: കാർഷിക വൃത്തിയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് വേലൂർ ശങ്കരനാരായണൻ നമ്പ്യാർ. ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷിയോടാണ് ഈ കർഷകന് ഏറെ പ്രിയം. ചെങ്ങഴിക്കോട് നമ്പ്യാർ കുടുംബാംഗമായ വലിയവളപ്പിൽ ശങ്കരനാരായണൻ തന്റെ പൈതൃകവുമായി ബന്ധപ്പെട്ടതിനാലാണ് ചെങ്ങാലിക്കോടൻ വാഴക്കൃഷിയോട് താത്പര്യം പുലർത്തുന്നത്.

രുചിയിലും രൂപഭംഗിയിലും കേമനായ ചെങ്ങാലിക്കോടൻ വാഴക്കുലകൾ ചെങ്ങഴി നാടിന്റെ സ്വന്തമാണ്. ചെങ്ങഴിക്കോട് നാടുവാഴി പരമ്പരയിൽപ്പെട്ട ശങ്കരനാരായണൻ തന്റെ 71-ാം വയസിലും കൃഷിയിൽ തത്പരനാണ്. രണ്ട് ഏക്കറിലധികം വരുന്ന സ്ഥലത്താണ് ചെങ്ങാലിക്കോടൻ നേന്ത്രവാഴ കൃഷി ചെയ്തിരിക്കുന്നത്. തീർത്തും ജൈവ രീതിയിൽ കൃഷി ചെയ്തിട്ടുള്ള നേന്ത്രവാഴകളിൽ നിന്നും തൂക്കത്തിലും വലുപ്പത്തിലും മികച്ച കുലകളാണ് ലഭിക്കുന്നത്.

മോഹവില ലഭിക്കുന്ന കാഴ്ചക്കുലകളായതിനാൽ ഇടനിലക്കാരില്ലാതെ തോട്ടത്തിൽ നിന്ന് തന്നെ ആവശ്യക്കാർ കൊണ്ടു പോകും. അപൂർവ്വമായി പ്രതികൂല കാലാവസ്ഥയിൽ വിളവിന് കോട്ടം തട്ടാറുണ്ടെങ്കിലും പൊതുവേ വാഴക്കൃഷി ലാഭകരമാണെന്നാണ് ശങ്കരനാരായണൻ നമ്പ്യാരുടെ അഭിപ്രായം.

രാവിലേയും വൈകീട്ടും കൃഷിയിടത്തിൽ പണിയെടുക്കുന്ന ശങ്കരനാരയണൻ കൃഷി ഒരു ആരോഗ്യ പരിപാലനത്തിനുള്ള ഉപാധി കൂടിയാണെന്ന് വ്യക്തമാക്കുന്നു. വാർദ്ധക്യത്തിലും കൃഷിപ്പണിയിൽ വ്യാപൃതനാവുന്ന ശങ്കരനാരായണൻ നമ്പ്യാർക്ക് ഭാര്യയും മക്കളും പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.