തൃശൂർ: കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന സൂപ്പർമാർക്കറ്റ്, 5,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ ആരംഭിച്ച് വിജയമാതൃക സൃഷ്ടിച്ചിരിക്കുകയാണ് തൃശൂർ ജില്ലാ കോൾ കർഷകക്കൂട്ടായ്മ. കർഷകക്കൂട്ടായ്മ തൃശൂർ പാഡി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ആരംഭിച്ചാണ് മുതുവറയിൽ ഫാർമേഴ്‌സ് ഓർഗനൈസ്ഡ് മാർക്കറ്റ് എന്ന സൂപ്പർമാർക്കറ്റ് തുറന്നത്.
വൻകിട കമ്പനികളുടെ പാക്കറ്റ് ഉത്പന്നങ്ങൾ മാത്രം കിട്ടുന്ന ആധുനിക സൂപ്പർമാർക്കറ്റ് മാത്രമല്ല ഇത്. മുതുവറയിലെ പാതയോരത്ത് ഒന്നര ഏക്കറിലെ സൂപ്പർ മാർക്കറ്റ് കം ഫുഡ് ഫാക്ടറി വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ്. വിൽപന മാത്രമല്ല, വാങ്ങലുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും അരിയും നാളികേരവുമെല്ലാം ഇവിടെ എടുക്കും. ഉപഭോക്താവിന് മുന്നിൽതന്നെ യന്ത്രച്ചക്കിൽ ആട്ടി വെളിച്ചെണ്ണ കൊടുക്കും. ആവശ്യക്കാർക്ക് ഇവിടുത്തെ കൃഷിയിടത്തിലെത്തി കൂൺ പറിച്ചെടുക്കാം. ശീതീകരണിയില്ലാതെ സൂക്ഷിക്കുന്ന പച്ചക്കറി വാങ്ങി നൽകിയാൽ അത് സാമ്പാറിനായാലും തോരനായാലും നുറുക്കി നൽകും. മധുരം രുചിക്കാൻ തത്സമയം ചോക്ലേറ്റ് ഉല്പന്നങ്ങൾ തയ്യാറാക്കിത്തരുന്ന ചോക്ലേറ്റ് ഫാക്ടറിയുമുണ്ട്. ബ്രെഡ്, ചപ്പാത്തി ഫാക്ടറി വേറെ. കാർഷികോപകരണങ്ങളായ തൂമ്പ മുതൽ അത്യന്താധുനിക കാർഷികോപകരണമായ ഡ്രോൺ സ്‌പെയർ വരെ ഇവിടെ കിട്ടും. വിത്തും തൈകളും പൂച്ചെടികളുമെല്ലാമുണ്ട്. ജൈവ ഉല്പന്നങ്ങൾക്ക് ഊന്നൽ നൽകുന്ന ഈ സൂപ്പർമാർക്കറ്റിൽ ഒരു വസ്തു പോലും പാഴാക്കിക്കളയാതെ മുല്യവർദ്ധിത ഇനങ്ങളാക്കിയും മാറ്റി വിപണിയിലിറക്കുന്നുണ്ട്. സൂപർമാർക്കറ്റിന്റെ ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷനായി. ടി.എൻ പ്രതാപൻ എം.പി, സംവിധായകൻ സത്യൻ അന്തിക്കാട്, നടന്മാരായ ശ്രീനിവാസൻ, ജയരാജ് വാര്യർ, ഇസാഫ് എം.ഡി പോൾ കെ. തോമസ്, അഡ്വ. ഇ.കെ രാധാകൃഷ്ണൻ, കെ.കെ കൊച്ചുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.