തൃശൂർ: പി. ഭാസ്‌കരൻ ഫൗണ്ടേഷന്റെ മിസ് കുമാരി പുരസ്‌കാരത്തിന് നടി പാർവതി തിരുവോത്ത് അർഹയായി. പി. ഭാസ്‌കരൻ - രാമുകാര്യാട്ട് കൂട്ടുകെട്ടിലെ ആദ്യചിത്രമായ നീലക്കുയിലിലെ നായിക മിസ് കുമാരിയുടെ 50-ാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് ഫൗണ്ടേഷൻ ചെയർമാൻ സി.സി വിപിനചന്ദ്രൻ പറഞ്ഞു. 33,333 രൂപയും കുട്ടി കൊടുങ്ങല്ലൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സെപ്തംബർ 8ന് വൈകിട്ട് ആറിന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാരം നൽകും. നടി ഷീല, കലാമണ്ഡലം ക്ഷേമാവതി, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഫൗണ്ടേഷൻ സെക്രട്ടറി സി.എസ്. തിലകൻ, വൈസ് ചെയർമാൻ ബേബി റാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.