തൃശൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയോജിത കാൻസർ നിയന്ത്രണ പരിപാടിക്ക് ഇന്ന് തുടക്കമാകും. കാൻസർ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ മുഴുവൻ വീടുകളിലും കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടുപിടിച്ച ശേഷം രോഗം സ്ഥിരീകരിച്ച് തുടർ ചികിത്സ ഉൾപ്പെടെ സൗജന്യമായി നൽകും. രോഗ സ്ഥിരീകരണത്തിനായി വിവിധ ക്യാമ്പുകൾ നടത്തും. അവസാന ഘട്ടത്തിൽ കാൻസർ രോഗവിദഗ്ദ്ധർ, പാത്തോളജിസ്റ്റ്, ശസ്ത്രക്രിയ വിദഗ്ദ്ധൻ എന്നിവരടങ്ങുന്ന സംഘമാണ് രോഗം സ്ഥിരീകരിക്കുക. മാമോഗ്രാം, ബയോപ്‌സി, സ്‌കാനിംഗ്, എക്‌സ്‌റേ, എഫ്.എൻ.എ.സി, പാപ്‌സ്മിയർ ടെസ്റ്റുകൾ എന്നിവ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗജന്യമായി ചെയ്തു നൽകും. തുടർ ചികിത്സയും സൗജന്യമായിരിക്കും.
പദ്ധതി ഇങ്ങനെ..
1. ആദ്യഘട്ടത്തിൽ അച്ചടിച്ച ചോദ്യാവലിയുടെ സഹായത്തോടെ ആശാപ്രവർത്തകരും അംഗൻവാടി പ്രവർത്തകരും അഭിമുഖം നടത്തും.
2. ഉത്തരങ്ങളെ അടിസ്ഥാനമാക്കി സംശയമുള്ളവരെ രോഗ സ്ഥിരീകരണത്തിന് ക്യാമ്പിലേക്കെത്തിക്കും.
3. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിൽ ഗൈനക്കോളജിസ്റ്റ്, ദന്തരോഗവിദഗ്ധൻ, ഇ.എൻ.ടി സർജൻ എന്നിവർ പരിശോധന നടത്തും.
4. ലക്ഷണം കണ്ടെത്തിയാൽ നഗരസഭയുടെയോ ബ്ലോക്ക് പഞ്ചായത്തുകളുടെയോ ആഭിമുഖ്യത്തിൽ ആരോഗ്യസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന രണ്ടാംഘട്ട ക്യാമ്പിലേക്ക് ഇവരെ അയക്കും.
പരിശീലനം പൂർത്തിയായി
പദ്ധതിയുടെ നടത്തിനായി ബന്ധപ്പെട്ടവർക്ക് ജില്ലാതല പരിശീലനം നൽകി. ഇവർ മറ്റ് ജീവനക്കാർക്കും സർവേക്കായി നിയോഗിച്ച വോളണ്ടിയർമാർക്കും പരിശീലനം നൽകും.
വകയിരുത്തൽ ഇങ്ങനെ
2019-20 വർഷത്തേക്ക്: 129.7ലക്ഷം
(അഞ്ച് ലക്ഷം ജില്ലാ പഞ്ചായത്തും 68.8 ലക്ഷം പഞ്ചായത്തും 21.7 ലക്ഷം ബ്‌ളോക്ക് പഞ്ചായത്തും 19.20 ലക്ഷം നഗരസഭ വിഹിതവും 15 ലക്ഷം വകുപ്പുതല ഫണ്ട് വിഹിതവും ചേർത്താണ് ഈ തുക)
തുടർചികിത്സയ്ക്കായുള്ള വകയിരുത്തൽ
2020-21 വർഷത്തേക്ക്: 688 ലക്ഷം രൂപ
ഉദ്ഘാടനം ഇന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഇന്ന് 11 ന് നിർവഹിക്കും. കെ.പി.എ.സി ലളിത മുഖ്യാതിഥിയാകും. മേയർ അജിത വിജയൻ അദ്ധ്യക്ഷയാകും
രാജ്യത്ത് ആദ്യമായിട്ടായിരിക്കാം ഒരു ജില്ല കാൻസറിനെ ചെറുക്കാൻ മുന്നിട്ടിറങ്ങുന്നത്. ഇക്കാര്യത്തിൽ ജില്ല മാതൃകയായിരിക്കും
മേരി തോമസ് (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )
പദ്ധതിയുടെ ഒന്നാംഘട്ട സർവേ : സെപ്തംബർ എട്ട് മുതൽ 28 വരെ.