ചാലക്കുടി: വാഴച്ചാലിൽ സി.ഡി.എസ് അദ്ധ്യക്ഷയെയും ഭർത്താവിനെയും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസ് ചാലക്കുടി ഡിവൈ.എസ്.പി അന്വേഷിക്കും. റെയ്ഞ്ച് ഓഫീസറുടെ പരാതിയെക്കുറിച്ചും ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

അതിരപ്പിള്ളി സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യ ബിനു, ഭർത്താവ് ബിനു എന്നിവരെയാണ് ചാർപ്പ റെയ്ഞ്ച് ഓഫീസർ വീട്ടിൽ കയറി മർദ്ദിച്ചത്. ബിനുവിന്റെ വീട്ടിൽ പന്നിയിറച്ചി സൂക്ഷിച്ചുവെന്ന വിവരം അറിഞ്ഞ് ആന്വേഷിക്കാൻ ചെന്ന ബിനു ആക്രമിച്ചുവെന്നാണ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദി റാഫിയുടെ പരാതി. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയ കേസെടുക്കുകയും ചെയ്തു.

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ആദിവാസിയുമായ രമ്യയുടെ പിതാവ് ചന്ദ്രനും സംഭവത്തിൽ നിസാര പരിക്കേറ്റിരുന്നു. രമ്യ ബിനു സി.പി.എമ്മിന്റെ സജീവ പ്രവർത്തകയുമാണ്. ഇതെല്ലാം കണക്കിലെടുത്ത് പാർട്ടി റെയ്ഞ്ച് ഓഫീസർക്കതിരെ ശക്തമായ സമരം സംഘടിപ്പിക്കുകയാണ്.