speed-barrier-at-nh
ദേശീയപാത കാളമുറിയിൽ അപകടങ്ങൾ തുടരുന്ന സ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച സ്പീഡ് ബാരിയർ

കയ്പ്പമംഗലം: കുഴികൾ നിറഞ്ഞ ദേശീയപാതയിൽ അപകട പരമ്പര തുടരുന്നു. ദേശീയപാത 66 കയ്പ്പമംഗലം കാളമുറി കനറാ ബാങ്കിനുമുന്നിലുള്ള റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം. കയ്പ്പമംഗലം വഴിയമ്പലം കിഴക്ക് തറയിൽ വിനുവിന്റെ ഭാര്യ വന്ദനയ്ക്കാണ്(30) പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇവരെ ചെന്ത്രാപ്പിന്നി ആക്ട്സ് പ്രവർത്തകർ ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടരുന്ന സ്ഥലത്ത് നാട്ടുകാർ സ്പീഡ് ബാരിയർ സ്ഥാപിച്ചു.

കഴിഞ്ഞ ദിവസം മതിലകത്തും സമാനമായ അപകടം നടന്നിരുന്നു. ആഴ്ചകൾക്കുമുമ്പ് ദേശീയപാതയിലെ ഈ കുഴികളെല്ലാം അടച്ചിരുന്നു. എന്നാൽ ഒരു മാസം തികയും മുമ്പ് തന്നെ അടച്ച ഭാഗങ്ങളെല്ലാം തകരുകയായിരുന്നു. കുഴിയടക്കൽ പ്രസഹനമാണെന്നും ഇതിന് ഏതാനും ദിവസങ്ങൾ മാത്രമേ ആയുസുണ്ടാവുകയൂള്ളൂവെന്നും അന്ന് തന്നെ പരാതി ഉയർന്നിരുന്നു.