തൃശൂർ: പ്രഖ്യാപനങ്ങളും ചർച്ചകളും ഒരുവഴിക്കും വാഹനയാത്രികരുടെ യാത്ര പെരുവഴിയിലുമെന്ന ദുരിതം നാൾക്ക് നാൾ വർദ്ധിക്കുന്നു. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വാഹനങ്ങളെടുത്ത് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. കുതിരാൻ, പുഴയ്ക്കൽ, എന്നിവിടങ്ങളിൽ മണിക്കൂറുകളോളമാണ് ക്യൂ.

കുണ്ടും കുഴിയും നിറഞ്ഞ നഗരത്തിലെ സ്ഥിതിയിലും മാറ്റമൊന്നുമില്ല. അടുത്താഴ്ച്ച ഓണ സീസണോടെ സ്ഥിതി ഗുരുതരമാകും. മണ്ണുത്തി വടക്കുഞ്ചേരി ആറുവരിപ്പാതയിലെയും കുതിരാൻ തുരങ്കത്തിലെയും പണി പുനരാരംഭിക്കുന്നതിനും നിർമാണപ്പിഴവുകൾ പരിഹരിക്കുന്നതിനും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തിലെ തീരുമാനങ്ങളും നടപ്പായില്ല. ഉയർന്നു നിൽക്കുന്ന റോഡിന്റെ വശങ്ങൾ ബലപ്പെടുത്താൻ നിരത്തിയ മണ്ണുനിറച്ച ചാക്കുകൾ മാറ്റി കരിങ്കല്ലുകൊണ്ടു കെട്ടുന്ന പണി ഒരാഴ്ചയ്ക്കകം ചെയ്യുന്നായിരുന്നു ജൂലായ് 12 ന് ഡൽഹിയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം.

അപകട സാദ്ധ്യതയുള്ള മുളയം റോഡ് പണിയും വേഗത്തിലാക്കാനും അടുത്ത മേയ് 31 നകം എല്ലാ പണികളും പൂർത്തിയാക്കാനും തീരുമാനിച്ചിരുന്നു. യോഗത്തിന് ശേഷം 20 ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥലം പരിശോധിച്ചു. എന്നാൽ ഒരു തീരുമാനവും നടപ്പായിട്ടില്ല. കുതിരാനിൽ കഴിഞ്ഞ ഒരാഴ്ചയോളമായി തുടരുന്ന കുരുക്ക് ഒഴിവാക്കുന്നതിന് നടപടി എങ്ങുമെത്തിയിട്ടില്ല. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി അടിയന്തരമായി നടത്താൻ തീരുമാനമെടുത്ത് മൂന്നു ദിവസം കഴിഞ്ഞിട്ടും തുടർനടപടികൾക്ക് ഒച്ചിന്റെ വേഗതയാണ്. കുതിരാൻ ദേശീയപാത കടക്കാൻ നാലും അഞ്ചും മണിക്കൂർ കിടക്കേണ്ട ഗതികേടിലാണ് യാത്രികർ.

മണ്ണുനീക്കൽ തുടരുന്നു

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കുതിരാൻ തുരങ്കമുഖത്തെ മണ്ണ് നീക്കാനുള്ള നടപടികൾ തുടരുകയാണ്. രണ്ട് ദിവസം കൂടി ഇതിന് വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

ഭാരവാഹനങ്ങൾ വഴി തിരിച്ചു വിട്ടേക്കും

കുതിരാനിലെ അഴിയാക്കുരുക്കിൽ നിന്ന് താത്കാലിക മോചനം എന്ന നിലയിൽ ഇതുവഴിയുള്ള ഭാരവാഹനങ്ങൾ വഴി തിരിച്ചു വിട്ടേക്കും. ഷൊർണ്ണൂർ വഴി തിരിച്ചു വിടാനുള്ള നീക്കമാണ് നടത്തുന്നത്.

തുരങ്ക യാത്ര പരിശോധിക്കും

കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ പകൽ സമയത്ത് തുരങ്കത്തിലൂടെ ഒറ്റവരി സർവീസ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. മണ്ണ് നീക്കം ചെയ്താൽ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ പരിശോധിക്കും.

(എസ്. ഷാനവാസ്, ജില്ലാ കളക്ടർ)


പ്രശ്‌നം കേന്ദ്രത്തെ ധരിപ്പിക്കും

കുതിരാനിലെ പ്രശ്‌നം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം വിദേശത്ത് നിന്ന് തിരിച്ചെത്തിയാൽ കാര്യങ്ങൾ ചർച്ച ചെയ്യും. ടി.എൻ. പ്രതാപൻ, എം.പി


കുഴിയടച്ചിട്ടും പുഴയ്ക്കലിൽ തീരാ കുരുക്ക്

തൃശൂർ കുന്നംകുളം റോഡിൽ പുഴയ്ക്കൽ പാലത്തിലെ കുഴികൾ അടച്ചെങ്കിലും ഗതാഗത കുരുക്ക് തുടരുകയാണ്. ചിലപ്പോൾ മണിക്കൂറുകളോളം കുരുക്കിലകപ്പെടും. ശോഭാ സിറ്റിയിലേക്ക് പോകുന്നതിനായി വാഹനങ്ങൾ തിരിയുന്നത് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. കൂടാതെ പാലം പണി നടക്കുന്നതും ഗതാഗത കുരുക്ക് വർദ്ധിപ്പിക്കുന്നു.

വരുന്നത് ഓണക്കുരുക്ക്

ഓണ സാധനങ്ങൾ വാങ്ങുന്നതിനായി ആളുകൾ നഗരത്തിലെത്തുന്നതോടെ കുരുക്ക് ഏറെ ദുരിതം സൃഷ്ടിക്കും. കെ.എസ്.ആർ.ടി.സി, മനോരമ ജംഗ്ഷൻ, ശക്തൻ മാർക്കറ്റ് പരിസരം, ശക്തൻ പ്രതിമ സർക്കിൾ എന്നിവിടങ്ങളിലെ വൻകുഴികളാണ് അപകടവും കുരുക്കും കൂടുതൽ സൃഷ്ടിക്കുന്നത്.