തൃപ്രയാർ: ഏങ്ങണ്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൂട്ട് 2019 നാലാമത് നാട്ടുത്സവം 31ന് നടക്കും. തൃശൂർ നാട്ടുകലാകാരക്കൂട്ടം പടിഞ്ഞാറൻ മേഖലാകമ്മിറ്റി, തിരുമംഗലം കുടുംബവേദി വെൽഫെയർ സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച ഉച്ചക്ക് 2ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ കെ.വി അബ്ദുൾഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സംവാദത്തിൽ കെ.കെ അനീഷ് കോഡിനേറ്ററാവും. 3ന് സൗപർണ്ണിക ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി നാട്ടുകലാകാരക്കൂട്ടം നിർമ്മിച്ചുനൽകുന്ന വീടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നടക്കും. തുടർന്ന് നാടൻപാട്ടുകൾ അരങ്ങേറും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചൂട്ട് പുരസ്‌കാരം ഉദിമാനം അയ്യപ്പകുട്ടിക്ക് സമ്മാനിക്കും. ഫ്‌ളവേഴ്‌സ് ചാനൽ ഫെയിം ദേവിക സുമേഷിനെ ആദരിക്കും. കരിങ്കാളിയാട്ടം, വട്ടമുടിയാട്ടം, കരകാട്ടം, പരുന്താട്ടം, കാളകളി , തെയ്യം, മരത്താളം തുടങ്ങിയ നാടൻ കലാരൂപങ്ങളും അരങ്ങേറും. ജനകൺവീനർ മണികണ്ഠൻ കൈരളി, ഗോപൻ ചേറ്റുവ സുരേഷ് ഉറവിടം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.