ഒല്ലൂർ: അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഒല്ലൂർ ലയൺസ് ക്ലബ്ബിന്റെ ഒരു വർഷം നീളുന്ന ഗോൾഡൻ ജൂബിലി ആഘോഷത്തിനു ഞായറാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരത്താക്കര പ്രൊവിഡൻസ് ഹോമിൽ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.

പ്രൊവിഡൻസ് ഹോമിന് നൽകുന്ന ധനസഹായ വിതരണം ചീഫ് വിപ്പ് കെ. രാജൻ നിർവഹിക്കും. ജില്ലാ ആശുപത്രിയുടെ നവീകരണം, ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന് പ്രവേശന കവാടം, ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം, മരത്താക്കര എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറിയുടെ നിർമാണം, കിഡ്‌നി രോഗികൾക്കുള്ള ധനസഹായ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ എം.ഡി. ഇഗ്‌നേഷ്യസ്, ഫാ. സെബി പുത്തുർ, സിസ്റ്റർ ലിറ്റിൽ മേരി, വി.എ. തോമാച്ചൻ, ബിജു പൊറുത്തുർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ലയൺസ് ക്ലബ് പ്രസിഡന്റ് സി.എ. പോളി, പോൾ വാഴക്കാല, സി.പി. പോളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.