ചാലക്കുടി: വിഷരഹിത ഭക്ഷ്യ ഉത്പന്നങ്ങൾ കുടുംബശ്രീ വഴി നിർമ്മിച്ച് വിൽപ്പന നടത്തുന്ന പരിയാരം പഞ്ചായത്തിന്റെ പുതിയ സംരംഭത്തിന് അടുത്തദിവസം മുതൽ തുടക്കമാകും. പരിയാരം ബ്രാൻഡ് എന്ന പേരിൽ തയ്യാറാക്കുന്ന പദ്ധതിയുടെ ആസ്ഥാനം വേളൂക്കരയാണ്. ചക്കയുടെ വിവിധ ഉത്പന്നങ്ങൾ, അച്ചാറുകൾ, പപ്പടം, അരിപ്പൊടി, കറി പൗഡർ തുടങ്ങിയവ അടങ്ങുന്നതാണ് പരിയാരം ബ്രാൻഡ് ഉത്പന്നങ്ങൾ.

ചിപ്‌സ്, ബേക്കറികേക്ക് ഇനങ്ങളും കുടുംബശ്രീ വഴി തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. വിവിധ കുടുംബശ്രീ ഗ്രൂപ്പുകൾ വീടുകൾ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന ഇനങ്ങളും വിപണന കേന്ദ്രത്തിൽ എത്തിക്കും. പദ്ധതിയുടെ മുഴുവൻ നടത്തിപ്പും പഞ്ചായത്തിലെ കുടുംബശ്രീയുടെ ചുമതലയാണ്. ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. വിഷരഹിതമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് പറഞ്ഞു.