ചാവക്കാട്: ഇരട്ടപ്പുഴ ജി.എൽ.പി സ്‌കൂളിനെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ സമ്പൂർണ്ണ സുകന്യ സമൃദ്ധി സ്‌കൂളായി പ്രഖ്യാപിച്ചു. വേദവ്യാസ സേവാസമിതി ഇരട്ടപ്പുഴയുടെ ആഭിമുഖ്യത്തിൽ ഇരട്ടപ്പുഴ ജി.എൽ.പി സ്‌കൂളിലെ മുഴുവൻ പെൺകുട്ടികളെയും കേന്ദ്രസർക്കാർ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിൽ അംഗമാക്കുകയും ആദ്യ തുക നിക്ഷേപിക്കുകയും ചെയ്തിരുന്നു.
പി.ടി.എ പ്രസിഡന്റ് സുനിൽ കാരയിൽ അദ്ധ്യക്ഷത വഹിച്ച യോഗം തൃശൂർ സീനിയർ പോസ്റ്റ് സൂപ്രണ്ട് എൽ. മോഹനൻ ആചാരി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ സുകന്യ സമൃദ്ധി സ്‌കൂൾ പ്രഖ്യാപനവും നടത്തി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ യോഗത്തിൽ മുഖ്യാതിഥിയായി. നെഹ്രു യുവകേന്ദ്ര ജില്ലാ ജോയിന്റ് കൺവീനർ എം.കെ. സജീവ് കുമാർ, പോസ്റ്റൽ ഇൻസ്‌പെക്ടർ കെ.ജെ. ക്ലിന്റ്, മെയിൽ ഓവർസിയർ കെ.ആർ. മോഹനൻ, ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ സി. രാജേഷ്, വാർഡ് മെമ്പർ എം.കെ. ഷണ്മുഖൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാൻസി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. വേദവ്യാസ സേവാസമിതി ഭാരവാഹികളായ ദിനേഷ് ആച്ചി, പി.വി. ആനന്ദൻ, സി.എ. ബാബുരാജ്, സജിൻ ആലുങ്ങൽ, കെ.എ. ജയതിലകൻ, പ്രണവ് ചക്കര തുടങ്ങിയവർ നേതൃത്വം നൽകി. നേട്ടം കൈവരിച്ച ഇരട്ടപ്പുഴ ജി.എൽ.പി സ്‌കൂളിനും ബ്ലാങ്ങാട് പോസ്റ്റൽ ജീവനക്കാർക്കും വേദവ്യാസ സേവാസമിതിക്കും ഉപഹാരവും ചടങ്ങിൽ കൈമാറി.