ചാലക്കുടി: പരിയാരത്ത് പത്തു പേർക്ക് തെരുവ് നായകളുടെ കടിയേറ്റു. വ്യാഴാഴ്ച രാവിലെ സെന്റ് ജോർജ്ജ് സ്‌കൂൾ പരിസരത്ത് റോഡിൽ കൂടി നടന്നു പോയവർക്ക് നേരെയാണ് നായ്ക്കളുടെ ആക്രമണമുണ്ടായത്. ഇതിൽ പരിസരവാസിയായ അഞ്ചുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മറ്റുളളവരെല്ലാം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വേളൂക്കരയിൽ ബുധനാഴ്ച വൈകീട്ട് മൂന്നുപേർക്കും നായ്ക്കളുടെ കടിയേറ്റിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായ്ക്കൾ അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. സ്ത്രീകളും വിദ്യാർത്ഥികളും തെരുനായകളെ ഭയന്നാണ് ഇപ്പോൾ റോഡിലൂടെ കടന്നു പോകുന്നത്.

തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് പറഞ്ഞു. എ.ബി.സി പ്രോഗ്രാം മുഖേന കുടുംബശ്രീ പ്രവർത്തകർ നായ്ക്കളെ പിടികൂടി വന്ധീകരണം നടത്തും. വെള്ളിയാഴ്ച മുതൽ ഇതിന്റെ പ്രവർത്തനം തുടങ്ങും.