ചാലക്കുടി: ദേശീയപാതയുടെ സർവീസ് റോഡുകൾ മരണക്കെണിയായി. പോട്ടയ്ക്ക് സമീപം കിഴക്ക് ഭാഗത്തെ സമാന്തര റോഡാണ് അപകടകരമായ വിധം തകർന്നത്. ഏതുതരം വാഹനങ്ങൾക്കും എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന അവസ്ഥയാണിപ്പോൾ.

അരക്കിലോമീറ്റർ ദൂരം എല്ലായിടത്തും ചെറുതും വലുതുമായ ഗർത്തങ്ങളാണ്. ഓരോ ദിവസം പിന്നിടുമ്പോഴും ഇവയുടെ ആഴവും വലിപ്പവും കൂടുയാണ്. ആടിയും ഉലഞ്ഞും കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകുന്നത് ഉൾക്കിടിലത്തോടെ മാത്രമെ നോക്കി നിൽക്കാനാകൂ. ചെറുവാഹനങ്ങളാകട്ടെ നിറുത്തിയും നിരങ്ങിയും നീങ്ങുന്നു. നിരവധി തവണ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.

ദേശീയ പാതയിൽ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതിലെ എറണാകുളം ഭാഗത്തേക്കുള്ള മുഴുവൻ വാഹനങ്ങളും കടത്തിവിട്ടിരുന്നു. ഇതോടെയാണ് റോഡ് തകർന്നത്. നിരവധി പരാതികൾ ഉയർന്നെങ്കിലും കരാർ കമ്പനി റോഡ് നവീകരിക്കാൻ ശ്രമിക്കുന്നില്ല.