തൃശൂർ: പുഴ മലീനീകരണം തടയുകയെന്ന ലക്ഷ്യത്തോടെ പത്താം ക്‌ളാസുകാരനായ ഹരീഷ് നിർമ്മിച്ച കടലാസു കൊണ്ടുള്ള ഗണപതി ശിൽപം ഇക്കുറിയും വിനായക ചതുർത്ഥി ദിനത്തിൽ നിമഞ്ജനം ചെയ്യും. ഗണപതി പ്രിയനാണ് ഹരീഷ്. ഓർമ്മവച്ച കാലം മുതൽ പൂങ്കുന്നം ശിവക്ഷേത്ര മൈതാനിയിൽ നിന്ന് പുറപ്പെടുന്ന ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്രയിൽ ഹരീഷുണ്ടാകും. രണ്ടു വർഷം മുമ്പാണ് നിമഞ്ജനത്തിന് ശേഷം പുഴയിൽ അലിഞ്ഞുചേരുന്ന വിഗ്രഹം വേണമെന്ന ആശയമുദിച്ചത്. സ്വയം പരിശ്രമത്തിൽ പത്രക്കടലാസുകൾ ചുരുട്ടി പശ വച്ച് ഒട്ടിച്ചും പ്‌ളാസ്റ്റർ ഒഫ് പാരീസ് ഉപയോഗിച്ചും ആദ്യം നിർമ്മിച്ച ഗണേശ വിഗ്രഹത്തിന് സ്വീകാര്യത ലഭിച്ചതോടെ കഴിഞ്ഞ വർഷം ഒന്നിൽക്കൂടുതലുണ്ടാക്കി.
കഴിഞ്ഞ പ്രളയനാളിൽ തൃശൂർ നഗരത്തിൽ മുംബയ്‌യിൽ നിന്നെത്തിയ കുടുംബം ഹരീഷിന്റെ കരവിരുതിലുണ്ടാക്കിയ ഗണേശവിഗ്രഹമാണ് നിമഞ്ജനം ചെയ്യാനായി വാങ്ങിക്കൊണ്ടുപോയത്. ഇക്കുറി ആറ് ഗണേശ വിഗ്രഹങ്ങൾ ഉണ്ടാക്കി. ശ്രീരാമപട്ടാഭിഷേകം, കൽപ്പാത്തി തേര്, ആനകൾ, മുരുകൻ ഇങ്ങനെ നിരവധി ശിൽപങ്ങളും ഹരീഷ് ഇപ്പോൾ നിർമ്മിച്ചിട്ടുണ്ട്. ഇക്കുറി നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളിലൊന്ന് വാങ്ങി റിട്ട. കേണൽ പത്മനാഭൻ ഹരീഷിനെ അനുമോദിച്ചിരുന്നു.
മികച്ച ചിത്രകാരൻ കൂടിയായ ഹരീഷ് പൂങ്കുന്നം ഹരിശ്രീ പബ്‌ളിക് സ്‌കൂളിലാണ് പഠിക്കുന്നത്. ടി.വി. അനുപമ ജില്ലാ കളക്ടറായിരിക്കെ കളക്ടറേറ്റ് വളപ്പിന്റെ മതിലിൽ ചിത്രകാരന്മാർ തൃശൂരിന്റെ തനിമ അടയാളപ്പെടുത്തിയിരുന്നു. അവരിൽ ഒരാൾ ഹരീഷായിരുന്നു. പിന്നീട് വന്ന നിലവിലെ കളക്ടർ എസ്. ഷാനവാസിൽ നിന്ന് അനുമോദന സർട്ടിഫിക്കറ്റ് അടുത്തിടെ ഹരീഷിന് ലഭിച്ചിട്ടുണ്ട്. പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തിൽ ശ്രുതിലയ വീട്ടിൽ മൃദംഗ വിദ്വാനായ തൃശൂർ എച്ച്. ഗണേഷിന്റെയും വീട്ടമ്മയായ പി.ആർ. ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്.