എരുമപ്പെട്ടി: വഴുക്കലുള്ള കുത്തനെയുള്ള മലകൾ കയറിയിറങ്ങണം. പുലിയും, കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന ഘോരവനത്തിലൂടെ രണ്ട് മണിക്കൂർ വിശ്രമമില്ലാതെ നടക്കണം. ഇതെല്ലാം പിന്നിട്ട് ഊരുകളിലെത്തി ചികിത്സ നൽകുന്ന യുവ ഡോക്ടർ ആതുരസേവനത്തിന് പുതിയ മാനം നൽകുന്നു. കുന്നംകുളം മരത്തംകോട് സ്വദേശിയായ ഡോ. ഷിജിൻ ജോണാണ് സേവനം കൊണ്ട് മാതൃകയാകുന്നത് . അതിരപ്പിള്ളി പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലുള്ള മലക്കപ്പാറയിലെ അരയകാപ്പ്, ബീരാൻ കോളനികളിലെ ആദിവാസി ഊരുകളിലാണ് വെറ്റിലപ്പാറ മെഡിക്കൽ ഓഫീസറായ ഡോ. ഷിജിൻ ജോണും സംഘവും വൈദ്യ സഹായവുമായി കടന്നുചെന്നത്.
ചെങ്കുത്തായ മലകൾക്ക് കീഴെ സ്ഥിതി ചെയ്യുന്ന കോളനികളിൽ എത്തിച്ചേരുകയെന്നത് വെല്ലുവിളിയാണ്. അടിക്കടി ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്ന പ്രദേശമാണിത്. അതിനാൽ ഈ ഊരുകളിൽ വർഷങ്ങളോളമായി മെഡിക്കൽ സംഘങ്ങൾ പോകാറില്ല. എന്നാൽ പറമ്പിക്കുളം , കാസർകോട് ഭാഗങ്ങളിലെ ആദിവാസി ഗോത്ര വർഗങ്ങൾക്കിടയിൽ സേവനം ചെയ്തിട്ടുള്ള ഡോ. ഷിജി ജോൺ ഇവിടേയ്ക്ക് സ്ഥലം മാറ്റം ചോദിച്ച് വാങ്ങുകയായിരുന്നു. സമാനമായ സേവന മനോഭാവമുള്ള മലക്കപ്പാറ എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് ഇവരുടെ യാത്ര. നൂറ് കിലോമീറ്ററോളം വാഹനത്തിൽ സഞ്ചരിച്ച് പുലർച്ചെ മലക്കപ്പാറയിൽ എത്തിച്ചേർന്ന സംഘം വനത്തിലൂടെ ഏഴ് കിലോമീറ്റർ നടന്നാണ് ഊരുകളിലെത്തിയത്.
സമീപകാലത്തെ പ്രകൃതി ക്ഷോഭത്താൽ ഊരുകളിലുള്ളവർ ദുരിതമനുഭവിക്കുകയാണെന്നും, നാല് മാസത്തിലേറെയായി ഇവിടേയ്ക്കുള്ള വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണെന്നും സംഘം വെളിപ്പെടുത്തി. വൈദ്യ പരിശോധന, മരുന്ന് വിതരണം , വാക്‌സിനേഷൻ, പാലിയേറ്റീവ് പരിചരണം, കൗൺസിലിംഗ് തുടങ്ങിയ സേവനം ഊരുകളിലെ കുടുംബങ്ങൾക്ക് നൽകി. ഡോ. മെബിൻ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രവർത്തകരുമായ സുരേഷ്, വിനോദ്, സുമ, ഇന്ദു, ഭാഗ്യ, ജോയ്‌സി, ബീന, ഷൈസി, ഷെറിൻ, ശ്രീരാജ്, മണിലാൽ, ജോസ്, എസ്.ഐ മുരളീധരൻ, പൊലീസ് ഓഫീസർമാരായ അനീഷ്, രതീഷ്, ശ്യാം, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.