ചെറുതുരുത്തി: ബൈക്ക് അപകടത്തിൽ ഏഴു മാസം മുൻപ് തലയോട്ടി പൊട്ടി കിടപ്പിലായ ദേശമംഗലം പല്ലൂർ ഒറ്റപ്ലാക്കൽ മുഹമ്മദാലിക്ക്(48) താങ്ങായി തലശ്ശേരി ഗ്രാമീമ വായനശാല.

അപകടത്തിൽപ്പെട്ട ശേഷം ശസ്ത്രക്രിയ കവിഞ്ഞ് വിശ്രമിക്കുന്നതിനിടയിലാണ് അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായതും അടിയന്തര ഓപറേഷൻ വേണമെന്ന് ഡോക്ടർമാർ നിർദ്ധേശിച്ചതും. വാടക വീട്ടിൽ ഭാര്യയും രണ്ട് മക്കൾക്കും ഒപ്പം താമസിക്കുന്ന മുഹമ്മദാലിക്ക് ഒന്നര ലക്ഷം രൂപ ചെലവ് വരുന്ന ഓപറേഷൻ താങ്ങാനാവാതെ ചികിത്സ ഒഴിവാക്കുകയായിരുന്നു.

ഇതറിഞ്ഞ അയൽവാസിയായ ഷെഹീർ തന്റെ ബുള്ളറ്റ് വിറ്റ് പണം നൽകാമെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് ഇക്കാര്യം ലോകം അറിഞ്ഞത്. മൂന്ന് വർഷമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ജനശ്രദ്ധയാകർഷിച്ച തലശ്ശേരി ഗ്രാമീണ വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന 'തണൽ' സാംസ്‌കാരിക കൂട്ടായ്മ പ്രവർത്തകർ ഷെഹീറിനോട് ബുള്ളറ്റ് വിൽക്കണ്ടെന്നും ചികിത്സാച്ചെലവ് തങ്ങൾ ഏറ്റെടുക്കാമെന്നും അറിയിച്ചു.

തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം തണൽ പ്രവർത്തകരായ അബ്ദുൾ അസീസ്, പി.എസ്. മണി, ജീവൻ, റഫീക്ക്, ബാബു കാങ്കലാത്ത്, അഫ്‌സൽ തുടങ്ങിയവർ ആശുപത്രിയിലെത്തി ചികിത്സയുടെ വിശദാംശങ്ങൾ ഡോക്ടർമാരുമായി ചർച്ച ചെയ്തു. മുഹമ്മദാലിയുടെ ഓപറേഷൻ ചെലവും തുടർ ചികിത്സയ്ക്കാവശ്യമായ കാര്യങ്ങളും ഒരുക്കുമെന്ന് തണൽ പ്രവർത്തകർ പറഞ്ഞു.