തൃശൂർ: മണ്ണുത്തി വടക്കഞ്ചേരി ആറുവരിപ്പാതയിൽ രാവും പകലും മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് തുടരുന്ന പശ്ചാത്തലത്തിൽ കുതിരാൻ തുരങ്കം താത്കാലികമായി തുറന്നാലും റോഡ് നിർമ്മാണത്തിലെ പാകപ്പിഴകളും അനാസ്ഥകളും കുരുക്കാകും. അപകട സാദ്ധ്യതയുളള പതിനഞ്ചോളം ഇടങ്ങളിൽ ഇതേവരെ സിഗ്‌നലുകൾ സ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലും ടാറിംഗും പൂർത്തിയാക്കിയിട്ടില്ല. സിമന്റും കോൺക്രീറ്റ് മിക്‌സും ചേർത്തുളള താത്കാലിക ടാറിംഗാണ് ചിലയിടങ്ങളിലുള്ളത്. അപകടമേഖലയായ മുളയം റോഡിന്റെ ഒരു വശം മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്.
കുതിരാൻ തുരങ്കത്തിലെ മണ്ണ് നീക്കിയെങ്കിലും, ടാറിംഗ് പൂർണ്ണമല്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാകും. വായു പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങളും വേണ്ടത്രയില്ല. കനത്ത മഴ പെയ്തതോടെ ഈ പാതയിലെ ഡ്രെയിനേജുകകളിൽ മണ്ണ് നിറഞ്ഞു. അതോടെ കനത്ത വെള്ളക്കെട്ടുമുണ്ടായിരുന്നു. ഇതിനും പരിഹാരമായിട്ടില്ല. കഴിഞ്ഞ ജനുവരി 31 നുള്ളിൽ 22.5 കി.മീ ദൂരം നിർമ്മാണം പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ കമ്പനി ഉറപ്പു നൽകിയതാണ്. എന്നാൽ പണമില്ലെന്ന് പറഞ്ഞ് പണി മുടങ്ങി. വർഷങ്ങളായി നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെന്നും യു.പി.എ സർക്കാരും കമ്പനിക്ക് അനുകൂലമായിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. കരാറനുസരിച്ചുള്ള പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാർ കമ്പനിക്കും മേൽനോട്ടം വഹിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ചെയർമാനും കർശന നിർദ്ദേശം നൽകണമെന്ന് ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കേന്ദ്രമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ദേശീയപാത അതോറിറ്റി ജനറൽ മാനേജർ ഇന്ന് ഹാജരാകണം
മണ്ണുത്തി ദേശീയപാതയിലെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവച്ച പശ്ചാത്തലത്തിൽ ദേശീയ പാത അതോറിറ്റി ജനറൽ മാനേജർ ആശിഷ് ദ്വിവേദിയോട് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ഹാജരാകാനും തുടർന്ന് മന്ത്രി വി.എസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന കുതിരാൻ സന്ദർശനത്തിൽ അനുഗമിക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയിലുളള യോഗത്തിൽ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ:
വെള്ളി, ശനി ദിവസങ്ങളിലായി ആറുവരി പാതയിലെ വലിയ കുഴികൾ കരാർ കമ്പനി അടയ്ക്കണം.
കരാർ കമ്പനി പ്രതിനിധികൾക്കും ദേശീയപാത അതോറിറ്റി അധികൃതർക്കുമെതിരെ വഞ്ചനാ കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കണം.
മുമ്പ് എടുത്ത കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസുകളിൽ ഹൈക്കോടതിയുടെ സ്‌റ്റേ നീക്കുന്നതിന് കമ്മിഷണർ നടപടിയെടുക്കണം
തുരങ്കത്തിലൂടെ ഭാഗിക ഗതാഗതം അനുവദിക്കണമെന്ന മന്ത്രി ജി. സുധാകരന്റെ നിർദ്ദേശത്തിൽ വീഴ്ച്ചയുണ്ടായാൽ അറസ്റ്റ്
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യാത്രക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാവണം.