തൃശൂർ: തദ്ദേശവാസികൾക്കു നൽകിവരുന്ന സൗജന്യ ടോൾ പാസുകൾ നിറുത്തലാക്കിയതിലും പാസുകൾ പുതുക്കി നൽകാത്തതിലും പ്രതിഷേധിച്ച് ടോൾ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ പാലിയേക്കരയിൽ പ്രതിഷേധ സമരം നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടോൾ പ്ലാസയ്ക്കു പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശവാസികൾ നാളെ രാവിലെ പതിനൊന്നിന് അവരവരുടെ വാഹനങ്ങളുമായി പാസുകൾ കാണിച്ച് പരമാവധി തവണ ടോൾ ഗേറ്റ് കടന്നുപോകുന്നതാണ് സമരരീതി. തുടർന്ന് ഓരോരുത്തരും തയാറാക്കിയ പരാതികൾ ടോൾ പ്ലാസ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് നേരിട്ട് കൈമാറും. ഒപ്പും സീലും കൈപ്പറ്റു രസീതും വാങ്ങി കമ്മിറ്റിയെ ഏൽപ്പിക്കും. ഈ പ്രതിഷേധത്തിലും പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രിൻസൻ വള്ളൂപ്പാറ, പ്രിൻസ് പോൾ തെക്കത്ത്, സുനിൽ സൂര്യ, രതി സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.