തൃശൂർ: സൂപ്പർമാർക്കറ്റിൽ നിന്ന് ലഭ്യമാകുന്ന എല്ലാം ഇനി ജില്ലയിൽ വിരൽത്തുമ്പിലെത്തും. തൃത്തല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ഹരിശ്രീ ഏജൻസിയാണ് ഫുഡ് മാസോൺ എന്ന പേരിൽ ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റ് ആരംഭിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ വീടുകളിലെത്തിക്കുകയെന്നതാണ് ഫുഡ്മാസണിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ പി.ബി. സുനിൽ കുമാർ പറഞ്ഞു. ഫുഡ്മാ എന്ന ബ്രാൻഡിൽ 350 ഓളം ഉത്പന്നങ്ങളും മറ്റു പ്രമുഖ കമ്പനികളുടെ 5000ൽ ഏറെ ഉത്പന്നങ്ങളുമാണ് ഓൺലൈൻ വഴി ലഭിക്കുക. ഫുഡ്മാസോൺ മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്, ഇമെയിൽ സംവിധാനത്തിലൂടെയും കസ്റ്റമർ കെയർ ഫോൺ നമ്പറിൽ വിളിച്ച് നേരിട്ടും സാധനങ്ങൾ ഓർഡർ ചെയ്യാം. 24 മണിക്കൂറിനകം സാധനങ്ങൾ വീട്ടിലെത്തും. കാഷ് ഓൺ ഡെലിവറി, വെബ്‌സൈറ്റിൽ ബാങ്ക് ഗേറ്റ് വേ വഴി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്വയ്പ്പിംഗ് സംവിധാനവുമുണ്ട്. ഫുഡ്മാസോൺ ആപ്പിന്റെ ഉദ്ഘാടനം സെപ്തംബർ ഏഴിന് വൈകിട്ട് ആറിന് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കും. കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി ലാഭത്തിന്റെ നിശ്ചിത വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കും. ഡയറക്ടർ പി.ബി. പവിത്രൻ, സി.ഇ.ഒ. അമൽ പി. സുനിൽ, ജനറൽ മാനേജർ സന്ദീപ് മേനോൻ, മാർക്കറ്റിംഗ് മാനേജർ പ്രശാന്ത് പവിത്രൻ, എ.ഇ.ഒ. അഞ്ചൽ പി. സുനിൽ എന്നിവർ പങ്കെടുത്തു.