തൃശൂർ: സ്വകാര്യ ടെലിഫോൺ കമ്പനികളുടെ കേബിൾ കടന്നുപോകുന്നതിനാൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയിട്ടും നന്നാക്കാനാകുന്നില്ല. പാട്ടുരായ്ക്കൽ മൂന്നാം ഡിവിഷനിൽ വിയ്യൂർ പാലത്തിന് സമീപമാണ് റോഡിന് നടുവിൽ രണ്ടിടങ്ങളിൽ കുടിവെള്ള പൈപ്പ്‌ലൈൻ പൊട്ടിയത്.
പൈപ്പ് ശരിയാക്കുന്നതിനായി റോഡ് കുഴിച്ച് മണ്ണ് മാറ്റിയപ്പോഴാണ് പൈപ്പിന് മുകളിലൂടെ ഏഴോളം കമ്പനികളുടെ ഒപ്റ്റിക് ഫൈബർ അടക്കമുള്ള കേബിളുകൾ കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഗുരുതര പിഴവാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡിവിഷൻ കൗൺസിലറും കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ പറഞ്ഞു.
അവശ്യസർവീസ് വിഭാഗത്തിൽപ്പെടുന്ന കുടിവെള്ള പൈപ്പുകൾക്ക് മുകളിലൂടെ കേബിളുകൾ വലിച്ച കമ്പനികൾക്കെതിരെ പൊലീസ് കേസ് എടുക്കണമെന്ന് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.