തൃശൂർ : ജില്ലയിലെ കോൾ മേഖലയുമായി ബന്ധപ്പെട്ട ഏനാമാവ്, ഇടിയഞ്ചിറ, മുനയം എന്നീ താത്കാലിക ബണ്ടുകളുടെ നിർമ്മാണം ദ്രുതഗതിയിലാക്കണമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന് ഒരാഴ്ചയ്ക്കുള്ളിൽ ധനപരമായ അനുമതി നൽകാൻ ചീഫ് എൻജിനീയർക്ക് മന്ത്രി നേരിട്ട് നിർദ്ദേശം നൽകി. നവംബർ മാസത്തിൽ ബണ്ട് നിർമ്മാണം ആരംഭിക്കണമെന്നും മന്ത്രി കളക്ടറുടെ ചേംബറിൽ ചേർന്ന തൃശൂർ പൊന്നാനി കോൾ വികസന സമിതി യോഗത്തിൽ പറഞ്ഞു.
പ്രളയത്തെ തുടർന്ന് കോൾ നിലങ്ങളിൽ കയറിയ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള നടപടികൾ അതിവേഗം കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കനാലുകളിലെ ചെളി നീക്കം ചെയ്യുകയും കോൾ നിലങ്ങളിൽ അടിഞ്ഞുകൂടിയ കുളവാഴ, ചണ്ടി എന്നിവ നീക്കുകയും ചെയ്യും. പുഞ്ച സ്‌പെഷ്യൽ ഓഫീസർമാരെ മറ്റ് ജോലികൾക്ക് നിയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കും. സമിതി ജനറൽ ബോഡി ഒക്‌ടോബർ അഞ്ചിന് തൃശൂർ ടൗൺഹാളിൽ നടത്തും. ടി.എൻ പ്രതാപൻ എം.പി അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, അനിൽ അക്കര, ജില്ലാ കളക്ടർ എസ്. ഷാനവാസ്, സബ് കളക്ടർ അഫ്‌സാന പർവീൺ പങ്കെടുത്തു.