കൊടകര: കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുഞ്ഞാലിപ്പാറയിലുള്ള എടത്താടൻ ഗ്രാനൈറ്റ്‌സ് കമ്പനിയുടെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നുമുറി, ഒമ്പതുങ്ങൾ, അവിട്ടപ്പിള്ളി നിവാസികളുടെ നിവേദനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

16 നിർദേശങ്ങൾ ഇതോടൊപ്പം കൈമാറിയിട്ടുണ്ട്. ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ പ്രശ്‌നം ചർച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിവേദനം നൽകിയതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. മൂന്നുമുറി ഒമ്പതുങ്ങൽ റോഡ് സ്വന്തം ചെലവിൽ ചെയ്യാനുള്ള എടത്താടൻ ഗ്രാനൈറ്റ്‌സ് കമ്പനിയുടെ ആവശ്യം നിരസിക്കുക എന്നൊരു നിവേദനവും നൽകിയിട്ടുണ്ട്.

ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മൊ നൽകിയ സാഹചര്യത്തിൽ കമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ മറ്റത്തൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി. സമരസമിതി നേതാക്കൾക്ക് എതിരെയും സ്ത്രീകൾക്ക് എതിരെയും അടിയന്തര പ്രധാന്യമുള്ള വിഷയമായിട്ടും പൊലീസ് എട്ട് കേസ് എടുത്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വിദഗ്ദ്ധ സമിതി എത്തിചേരാൻ വൈകുന്നതിലും പ്രതിഷേധത്തിലാണ് നാട്ടുകാർ. ഇത് കമ്പനിക്ക് തെളിവു നശിപ്പിക്കാൻ സമയം ലഭിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.