പുതുക്കാട്: മുപ്പത് വർഷമായി ദിവസവും പുതുക്കാട് നിന്നും എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന മോഹനന് സർവീസിൽ വിരമിക്കുന്ന ദിവസം ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ റെയിൽവേ സ്റ്റേഷനിൽ യാത്രഅയപ്പ് നൽകി. 30 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വടക്കെ തൊറവ് സ്വദേശി എം.എൻ. മോഹനൻ ഇന്നലെ വിരമിക്കുകയായിരുന്നു. രാവിലെ എറണാകുളത്തേക്കുള്ള യാത്രയ്ക്ക് എത്തിയ മോഹനന് യാത്രഅയപ്പ് നൽകിയപ്പോൾ മറ്റ് യാത്രക്കാർക്കും അതൊരു പുതുമയായി.
കേന്ദ്രഇൻകം ടാക്‌സ് വകുപ്പിലെ ഉദ്യോഗസ്ഥനായ എം.എൻ. മോഹനൻ 30 വർഷമായി എറണാകുളത്തു തന്നെയായിരുന്നു ജോലി ചെയ്തത്. ഗുജറാത്തിൽ ആണ് സർവീസിൽ കയറിയത്. പിന്നീട് ട്രാൻസ്ഫറായി എറണാകുളത്തേക്ക് എത്തിയതാണ് .എറണാകുളത്ത് ജോലിയിൽ പ്രവേശിച്ച അന്നു മുതൽ മോഹനന്റെ എറണാകുളം യാത്ര പുതുക്കാട് സ്റ്റേഷനിൽ നിന്നായിരുന്നു.
പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹിയും സ്റ്റേഷന്റെ വികസന പ്രവർത്തനത്തിന് അസോസിയേഷൻ നടത്തുന്ന എല്ലാ പ്രവൃത്തികളിലും സജീവ സാനിദ്ധ്യവുമാണ് മോഹനൻ. ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രെയിൻ യാത്രയ്ക്ക് ഇന്നലെ രാവിലെ മോഹനൻ പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് യാത്രസഹയാത്രികരും അസ്സോസിയേഷൻ ഭാരവാഹികളും ചേർന്ന് യാത്രഅയപ്പ് ഒരുക്കിയത് അദ്ദേഹം അറിയുന്നത്.
ലളിതമായ ചടങ്ങിന് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ, സെക്രട്ടറി അരുൺ ലോഹിതാക്ഷൻ, ട്രഷറർ വി. വിജിൻ വേണു, സൈജൻ ആന്റണി, സിജോ ജോർജ്ജ്, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.