കൊടുങ്ങല്ലൂർ: സിവിൽ സപ്ലൈസ് വകുപ്പ് പൊതു മാർക്കറ്റിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ശ്രീനാരായണപുരത്ത് നിലവിലുണ്ടായിരുന്ന മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ ഫലപ്രദമായി നേരിടുന്നതിന് ഇത്തരത്തിലുള്ള സൂപ്പർ മാർക്കറ്റുകൾ സഹായകരമാകും. പൊതുമാർക്കറ്റുകളിൽ ലഭ്യമാകുന്ന മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കും മറ്റു വസ്തുക്കൾക്കും ഇരുപത് മുതൽ നാൽപ്പത് ശതമാനം വരെ വിലക്കിഴിവുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ പുരത്ത് ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തുള്ള 'രാജസുധ മിനി കോംപ്ലക്‌സ് ' കെട്ടിടത്തിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുക. ഇ.ടി . ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ബെന്നി ബെഹ് നാൻ മുഖ്യാതിഥിയായി. എസ്.എൻ പുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക ആദ്യ വിൽപ്പന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, സപ്‌ളൈകോ ചെയർമാൻ കെ.എൻ. സതീഷ്, ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, ബി.ജി. വിഷ്ണു, ലൈന അനിൽ, എം.എസ്.മോഹനൻ, ജില്ലാ സപ്‌ളൈ ഓഫീസർ ശിവകാമിഅമ്മാൾ തുടങ്ങിയവർ സംസാരിച്ചു.