തൃശൂർ: കേരളത്തിലെ ഭൂരിഭാഗവും ഇടതുപക്ഷ മനസുള്ളവരാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. സാണ്ടർ കെ. തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. കമ്യൂണിസ്റ്റുകാർക്ക് മാത്രമല്ല ഇടതുപക്ഷ മനസുള്ളത്. ഭാവി തലമുറയുടെ വളർച്ചയ്ക്കും വികസനത്തിനുമായി യാഥാസ്ഥിതികരോട് കലഹിക്കുന്ന മനസിനെയാണ് ഇടതുപക്ഷക്കാർ എന്ന് പറയുന്നത്. പുതു തലമുറ ശാസ്ത്രബോധം കൈവിട്ടുകൊണ്ടിരിക്കുകയാണ്. അത് തിരിച്ചുപിടിക്കണം. ഈ പുരസ്‌കാരം നിപ്പയുടെ കാലത്ത് ഒത്തൊരുമിച്ച് പ്രവർത്തിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അവർ പറഞ്ഞു. സോഷ്യലിസ്റ്റ് പ്രവർത്തകനായിരുന്ന സാണ്ടർ കെ. തോമസിന്റെ പേരിലുള്ള പുരസ്‌കാര വിതരണവും അനുസ്മരണ സമ്മേളനവും എം.പി വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം വിമല കോളജ് അദ്ധ്യാപിക സിസ്റ്റർ ബീന ജോസ് ഏറ്റുവാങ്ങി. യുജീൻ മൊറേലി അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, സിബി കെ. തോമസ്, ഡോ. പി.വി കൃഷ്ണൻ നായർ, ജയരാജ് വാര്യർ എന്നിവർ പങ്കെടുത്തു.