കൊടുങ്ങല്ലൂർ: നഗരസഭാ പരിധിയിലെ എയ്ഡഡ് വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയ രണ്ട് യുവാക്കളെ ഉടനടി ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രന്റെ വിമർശനം.
ലഹരി ഉപയോഗം തടയുന്നതിനായി സർക്കാർ രൂപീകരിച്ച നഗരസഭാ തലത്തിലുള്ള കമ്മിറ്റിയുടെ യോഗത്തിലാണ് വിമർശനം. കമ്മിറ്റിയുടെ അദ്ധ്യക്ഷനായ നഗരസഭാ ചെയർമാൻ എക്‌സൈസിന്റെ സമീപകാല പ്രവർത്തനങ്ങളിൽ നീരസം പ്രകടിപ്പിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിശദീകരണം നൽകിയെങ്കിലും ചെയർമാൻ തൃപ്തനായില്ല. ലഹരി മാഫിയയ്ക്കും ഉപയോഗത്തിനുമെതിരെ കർശന നടപടി സ്വീകരിക്കണം. കുറ്റവാളികളെ, ലാഘവത്തോടെ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന നിലപാടിലായിരുന്നു ചെയർമാൻ. വിദ്യാർത്ഥിനികൾക്ക് കഞ്ചാവ് നൽകിയ കേസിലെ പ്രതികളെ പൊലീസിന് കൈമാറി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാമെന്നിരിക്കെ, നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്ത് വിട്ടയച്ച എക്‌സൈസിന്റെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. രാമനാഥൻ, സർക്കിൾ ഇൻസ്‌പെക്ടർ പത്മകുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.